നെടുങ്കണ്ടം: കേന്ദ്രസർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന് അനുകൂലമായി ഒരു വിഭാഗം നെടുങ്കണ്ടം ബാലൻപിള്ള സിറ്റിയിൽ പ്രകടനം നടത്തി. എസ്.ഡി.പി.ഐ പ്രവർത്തകരാണ് പ്രകടനം നടത്തിയത്. കുട്ടികൾ ഉൾപ്പെടെ ഒമ്പതോളം ആളുകളടങ്ങിയ സംഘമാണ് രാവിലെ 10 മണിയോട് കൂടി പ്രകടനം നടത്തിയത്. കൊടികൾ ഇല്ലാതെ നടത്തിയ പ്രകടനത്തിൽ പോപ്പുലർ ഫ്രണ്ടിന് അഭിവാദ്യം അർപ്പിച്ചും ആർ.എസ്.എസിനെ തെരുവിൽ നേരിടുമെന്നും മുദ്രാവാക്യം മുഴക്കി. സംഭവത്തിൽ ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ല. പ്രകടനം നടത്തിയവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് നെടുങ്കണ്ടം പൊലീസ് പറയുന്നു.