വണ്ടിപ്പെരിയാർ: പുലിക്കും കാട്ടനയ്ക്കും പിന്നാലെ കാട്ടുപോത്തിന്റെ ശല്യവും നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. ഇഞ്ചിക്കാട് ക്ഷേത്രത്തിന് സമീപം ജനവാസ മേഖലയിലാണ് കാട്ടുപോത്തിറങ്ങിയത് കഴിഞ്ഞ ദിവസം വൈകിട്ട് ഇഞ്ചിക്കാടിനു സമീപത്തെ സലാമിയ എസ്റ്റേറ്റിനോട് ചേർന്ന് വനമേഖലയിൽ നിന്നാണ് കാട്ടുപോത്ത് എത്തിയത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ പശുക്കളും കിടാക്കളും കാട്ടുപോത്തിനൊപ്പം ചേർന്നു. പ്രദേശവാസികൾ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം അസഹ്യമായിരിക്കയാണ്. പെരിയാർകടുവാ സങ്കേതത്തിനോട് ചേർന്ന് കിടക്കുന്ന വള്ളക്കടവ്, തങ്കമല, ഇഞ്ചിക്കാട്, തുടങ്ങിയ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായി ഇരിക്കുകയാണ് .

കഴിഞ്ഞ ദിവസം ജനവാസമേഖലയിൽ ആശങ്ക പടർത്തിയ പുലിയെ കെണിവെച്ച് പിടിച്ചിരുന്നു. ആന, കാട്ടുപോത്ത്, മ്ലാവ്, കാട്ട്പന്നി, ഇവയുടെശല്യവും കർഷകർ ദുരിതത്തിലാണ്. വന്യമൃഗങ്ങൾ കയറി കർഷകരുടെ ദേഹണ്ഡങ്ങൾ നശിപ്പിക്കുക പതിവാണ്. നിരവധി പ്രാവശ്യം വനം വകുപ്പ് അധികൃതരെ അറിയിക്കുകയും നാട്ടുകാർ ഉപരോധ സമരങ്ങൾ നടത്തിയിട്ടും വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഓടി കൊണ്ടിരുന്ന ഓട്ടോ റിക്ഷയുടെ മുകളിലേക്ക് മ്ലാവ് എടുത്തു ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.