കട്ടപ്പന: 17കാരിയായ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കട്ടപ്പന വെള്ളയാംകുടി കണിയാംപറമ്പിൽ ഗോകുൽ (21), സുഹൃത്ത് ഇരട്ടയാർ നത്തുകല്ല് തെങ്ങുംമൂട്ടിൽ മെബിൻ (19) എന്നിവരാണ് അറസ്റ്റിലായത്. ഗോകുലും വിദ്യാർത്ഥിനിയും തമ്മിൽ നാളുകളായി പ്രണയത്തിലായിരുന്നു. ഈ മാസം 26ന് വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ ഗോകുൽ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. തുടർന്ന് സുഹൃത്ത് മെബിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കേസെടുത്ത പൊലീസ് ഗോകുലിനെ ചെറുതോണിയിൽ നിന്നും മെബിനെ ഇയാളുടെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇരുവരെയും കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കട്ടപ്പന എസ്.എച്ച്.ഒ വിശാൽ ജോൺസൺ, എസ്.ഐ ഡി. സുരേഷ്, എസ്.സി.പി.ഒ ഷിബു, എ.എസ്.ഐ ഹരി, സി.പി.ഒമാരായ ഷിബു, അനീഷ്, ജോളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.