ഇടുക്കി: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേ യഥാർത്ഥ്യമാകുന്നു. ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള റോഡ് നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഇന്നലെ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയറുടെ നേതൃത്വത്തിൽ പ്രൊജക്ട് മാനേജ്‌മെന്റ് ടീം നിർമ്മാണത്തിന് കൈമാറുന്നതിന് മുന്നോടിയായി റോഡിൽ പരിശോധനകൾ നടത്തി. കുട്ടിക്കാനം-കട്ടപ്പന- പുളിയൻമല മലയോരഹൈവേയുടെ നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് മന്ത്രി റോേഷി അഗസ്റ്റിൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. ശബരിമല സീസൺ വരെ ചപ്പാത്ത്- കട്ടപ്പന റോഡിലെ നിലവിലുള്ള കുഴികൾ അടയ്ക്കുന്നതിനും വീതികൂട്ടൽ, സൈഡ് വാളുകൾ നിർമ്മിക്കൽ തുടങ്ങിയ പ്രവൃത്തികൾ നടത്തുന്നതിനും ഇതിന് ശേഷം ബി.എം ആന്റ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിനും മന്ത്രിമാർ നിർദേശം നൽകി. ഇതിനായി 73 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മലയോര ഹൈവേ പൂർത്തീകരിക്കുന്നതോടെ കാലങ്ങളായുള്ള ഹൈറേഞ്ച് നിവാസികളുടെ സ്വപ്നമാണ് പൂർത്തീകരിക്കുന്നത്
ഇടുക്കിയുടെ സ്വപ്ന ഹൈവേ
കോതമംഗലം, ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ പൂർത്തിയാകുന്നതോടെ ജില്ലയുടെ വികസനത്തിന് മുതൽക്കൂട്ടാവും. കാർഷിക ഉൽപന്നങ്ങളുടെ വിപണവവുമായി ബന്ധപ്പെട്ട ചരക്കുനീക്കത്തിന് മലയോര ഹൈവേ ഏറെ സഹായകമാവും. മറ്റു ജില്ലകളിലെ റോഡ് വികസനം സാക്ഷാൽക്കരിക്കുമ്പോഴും ഇടുക്കിക്ക് മികച്ച പാതകൾ അന്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മലയോര ഹൈവേ എന്ന ആശയം ഉടലെടുത്തത്. കുടിയേറ്റത്തിന് മുമ്പുതന്നെ പഴക്കുമുള്ള ഇടുക്കി- ഉടുമ്പന്നൂർ റോഡ് ഉൾപ്പെടെ ദേവികുളം, ഉടുമ്പൻചോല, പീരുമേട്, കോതമംഗലം, ഇടുക്കി മണ്ഡലങ്ങളിലെ ഒട്ടേറെ റോഡുകൾക്ക് മലയോരഹൈവേ പുതുജീവനേകും.