മൂന്നാർ: പോപ്പുലർ ഫ്രണ്ട് നിരോധിക്കേണ്ട സംഘടനയായിരുന്നെന്ന് എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ സഹോദരൻ എം. പരിജിത്ത്. നിരോധിച്ചതിൽ സന്തോഷമുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പ്രവർത്തനം ജനങ്ങളിലേക്ക് ഇറങ്ങിയല്ല. കൊലപാതക രാഷ്ട്രീയമാണ് അവർ പിന്തുടർന്നിരുന്നത് എന്നതിന്റെ തെളിവാണ് അഭിമന്യു. മൃഗങ്ങളെ വെട്ടിയാണ് അവർ ഇതിന് പരിശീലനം നേടുന്നത്. തീവ്രവാദം വളർത്തുന്നതിനാലാണ് അവർക്ക് ക്യാമ്പസുകളിൽ പോലും വേരുറപ്പിക്കാൻ കഴിയാതിരിക്കുന്നത്. അവരുടെ പേര് പോലെ തന്നെ പോപ്പുലറാകാനായി എന്തും ചെയ്യുന്ന സംഘടനയാണ് പി.എഫ്‌.ഐ എന്നും പരിജിത്ത് പറഞ്ഞു. 2018 ജൂലായ് രണ്ടിന് പുലർച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിന്റെയും ക്യാമ്പസ് ഫ്രണ്ടിന്റെയും പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.