തൊടുപുഴ: റബ്ബറിന്റെ വിലയിടിവ് മൂലം ഉണ്ടായിട്ടുള്ള ഗുരുതരമായ പ്രതിസന്ധിയുണ്ടായിട്ടും റബ്ബർ വിലസ്ഥിരതാ ഫണ്ടിനുള്ള സൈറ്റ് തുറക്കാനോ കർഷകരുടെ അപേക്ഷ സ്വീകരിക്കാനോ സർക്കാർ തയ്യാറാകുന്നില്ല. റബ്ബറിന്റെ ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടും വിലയിടിയാൻ സാഹചര്യമൊരുക്കുന്നത് റബ്ബർ വ്യവസായ ലോബികൾ വിപണിയിൽ നിന്ന് വിട്ട് നിൽക്കുന്നതു കൊണ്ട് കൂടിയാണ്. ഇതിന് പുറമേ വിദേശത്ത് നിന്ന് യഥേഷ്ടം റബ്ബറും റബ്ബർ ഉത്പന്നങ്ങളും ക്രമ്പും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്നു. ഉത്പാദന ചെലവ് വളരെയേറെ വർദ്ധിക്കുകയും ചെയ്തിരിക്കുന്നു. ടയർ കമ്പനികളുടെ നിയന്ത്രണത്തിൽ സർക്കാരുകൾ എത്തിയതോടെ വ്യാപാര രംഗത്ത് നിന്ന് വിട്ട് നിന്ന് മനപൂർവ്വം റബ്ബറിന്റെ വിലിയിടിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ റബ്ബറിന് 250 രൂപ അടിസ്ഥാന വില നിശ്ചയിച്ച് റബ്ബർ വിലസ്ഥിരത ഉറപ്പ് വരുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത്ര ഗുരുതരമായ പ്രതിസന്ധി ഉണ്ടായിട്ടും സംസ്ഥാന സർക്കാർ കർഷകരിൽ നിന്ന് ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കാനോ കർഷകർക്ക് സബ്‌സിഡി അനുവദിച്ച് നൽകാനോ തയ്യാറാവുന്നില്ല. 140 രൂപ വിലയിൽ ഒരു കിലോക്ക് 110 രൂപയുടെ വിലവ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. ഇത് കാരണം ഇപ്പോൾ റബ്ബർ കൃഷി നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്.

വിലയിടിവ് തുടരുന്നു

കാലാവസ്ഥാ വ്യതിയാനം മൂലം റബ്ബറിന്റെ ഉത്പാദനം നന്നേ കുറഞ്ഞിട്ടും റബ്ബറിന്റെ വിലയിടിവ് തുടരുകയാണ്. 200 രൂപയ്ക്ക് മുകളിൽ റബ്ബർ ഷീറ്റിന് വിലയുണ്ടായിരുന്നെങ്കിലും ഇപ്പോഴത് 140 രൂപയിലേയ്ക്ക് താണു. ഒട്ടുപാലിന്റെ വിലയും 90 രൂപയിലേയ്ക്ക് കുറഞ്ഞു.


എത്രയും വേഗം സൈറ്റ് തുറക്കണം: കേരളാ കോൺഗ്രസ്

പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ എത്രയും വേഗം റബ്ബർ വിലസ്ഥിരത സൈറ്റ് തുറക്കുകയും കർഷകരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് അടിയന്തിരമായി 250 രൂപ നിരക്കിൽ സബ്‌സിഡി തുക നൽകാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുൻ യു.ഡി.എഫ് സർക്കാർ ചെയ്തത് പോലെ റബ്ബറിന്റെ വിലസ്ഥിരത ഉറപ്പാക്കുന്ന പദ്ധതി ഉടൻ പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം എൽ എ, ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്, ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, ഉന്നതാധികാര സമിതി അംഗം അഡ്വ. ജോസഫ് ജോൺ, സംസ്ഥാന സെക്രട്ടറി എം. മോനിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.