തൊടുപുഴ: കാളിയാർ പൊലീസിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ 'യോദ്ധാവ് " പദ്ധതിയുടെ ഭാഗമായി വണ്ണപ്പുറം ടൗൺ ലയൺസ് ക്ലബിന്റെയും ബീറ്റ്‌സ് യുണൈറ്റഡ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ ഒക്‌ടോബർ രണ്ടിന് വണ്ണപ്പുറത്ത് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും കൂട്ടയോട്ടവും ഫ്ളാഷ്‌മോബും പെനാൽട്ടി ഷൂട്ട്ഔട്ട് മൽസരവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് വണ്ണപ്പുറം നമ്പ്യാപറമ്പിൽ കൺവെൻഷൻ സെന്ററിൽ ബോധവത്കരണ ക്ലാസ് നടക്കും. കാളിയാർ എസ്.എച്ച്.ഒ ഹണി എച്ച്.എൽ ഉദ്ഘാടനം ചെയ്യും. പൊലീസ് സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് നയിക്കും. വൈകിട്ട് നാലിന് കൂട്ടയോട്ടവും കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിക്കുന്ന ഫ്ളാഷ്‌മോബും നടക്കും. കൂട്ടയോട്ടം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് കെ. മനോജ് ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് ചേരുന്ന സമ്മേളനം ജില്ലാ പൊലീസ് മേധാവി വി.യു.​ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഡിവൈ.എസ്.പി എം.ആർ മധു ബാബു അദ്ധ്യക്ഷത വഹിക്കും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് കെ. മനോജ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് 35 ടീമുകൾ അണിനിരക്കുന്ന പെനാൽട്ടി ഷൂട്ട്ഔട്ട് മത്സരം വണ്ണപ്പുറം തോപ്പിൽ ഫ്യുവൽസിന് സമീപം നടക്കുമെന്നും അവർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. സുദർശൻ, റീജിയൻ ചെയർമാൻ ഷിൻസ് സെബാസ്റ്റ്യൻ, സോൺ ചെയർമാൻ ടി.ടി. മാത്യു എന്നിവർ പങ്കെടുത്തു.