തൊടുപുഴ: കോട്ടയം അതിരൂപത ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം
ജൂബിലി സമാപനവും പ്രേഷിത റാലി മത്സരവും ഒക്ടോബർ രണ്ടിന് മുട്ടം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് വിശുദ്ധകുർബാന, പതാക ഉയർത്തൽ. തുടർന്ന് മുൻകാല ഭാരവാഹികളുടെ സംഗമം. ഉച്ചകഴിഞ്ഞ് 2.30ന് ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂൾ മൈതാനിയിൽ നിന്ന് ആരംഭിക്കുന്ന പ്രേഷിത റാലി പി.ജെ. ജോസഫ് എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്യും. അതിരൂപതയിലെ ഒമ്പതു ഫൊറോനകളിൽ നിന്നായി ആറായിരത്തോളം കുഞ്ഞു മിഷനറിമാർ റാലിയിൽ അണിനിരക്കും. സമാപന സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. സി.എം.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് റിക്കി ജോസഫ് കോച്ചേരിൽ അദ്ധ്യക്ഷത വഹിക്കും. ജൂബിലിയോടനുബന്ധിച്ച് മിഷൻലീഗ് മുട്ടം ഇടവകയിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിക്കും. അതിരൂപത സമിതി തയ്യാറാക്കിയ ജൂബിലി സ്മരണികയുടെ പ്രകാശനം ഗീവർഗീസ് മാർ അപ്രേം നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, മിഷൻലീഗ് അതിരൂപത ഡയറക്ടർ ഫാ. റ്റിനേഷ് കുര്യൻ പിണർക്കുടിയിൽ, ഫാ. ജോസഫ് അരീച്ചിറ, ഫാ. ബിനു കുന്നത്ത്, സിസ്റ്റർ ലിസി ജോൺ, ഡേവിഡ് വല്ലൂരാൻ, ബിനോയി പള്ളിപറമ്പിൽ, സുജി പുല്ലുകാട്ട്, അരുൺ പുത്തൻപുരയ്ക്കൽ, ഷൈജ ജോമോൻ, റെജി ഗോപി, യു.കെ. സ്റ്റീഫൻ എന്നിവർ പ്രസംഗിക്കും. മുട്ടം പള്ളി വികാരി ഫാ. ജോസ് മാമ്പുഴയ്ക്കൽ, റിക്കി ജോസഫ് കോച്ചേരിൽ, സാലസ് ചാക്കോ, യു.കെ. സ്റ്റീഫൻ, ജോസ് ജോസഫ്, അജീഷ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.