
കട്ടപ്പന: നഗരസഭാ ചെയർപേഴ്‌സൺ പക്ഷപാതപരമായി പെരുമാറുന്നെന്ന് ആരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിലിൽ യോഗത്തിനിടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എൽ.ഡി.എഫ് അംഗങ്ങളായ സുധർമ്മ മോഹൻ, ബെന്നി കുര്യൻ എന്നിവർ ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാനായി നഗരസഭാ അദ്ധ്യക്ഷ ഷൈനി സണ്ണി ചെറിയാന്റെ ചേമ്പറിൽ എത്തിയപ്പോൾ അകത്ത് കയറ്റാതെ പുറത്ത് നിറുത്തിയെന്ന് ആരോപിച്ചാണ് എൽ.ഡി.എഫ് കൗൺസിൽ യോഗത്തിൽ ബഹളമുണ്ടാക്കിയത്. ചെയർപേഴ്‌സന്റെ പക്ഷാപാതപരമായ പെരുമാറ്റം ചർച്ച ചെയ്ത് പരിഹരിച്ചതിന് ശേഷമേ അജണ്ടയിലേയ്ക്ക് കടക്കാവൂ എന്ന് കൗൺസിലർ ബെന്നി കുര്യൻ ആവശ്യപ്പെട്ടു. എന്നാൽ അജണ്ടയിൽ ഇല്ലാത്ത വിഷയം അവസാനം ചർച്ച ചെയ്യാമെന്ന് ചെയർ പേഴ്‌സൺ അറിയിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യമുയർത്തി നടുത്തളത്തിലേയ്ക്ക് ഇറങ്ങി. പ്രതിഷേധം ശക്തമായതോടെ 10 മിനിറ്റോളം കൗൺസിൽ തടസപ്പെട്ടെങ്കിലും യോഗം തുടരാൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. തുടർന്ന് 13 അജണ്ടകളും പൂർത്തിയാക്കുന്നത് വരെ എൽ.ഡി.എഫിന്റെ പ്രതിഷേധം തുടരുകയും ചെയ്തു. വാർഡ് തലങ്ങളിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ അദ്ധ്യക്ഷയുടെ ചേമ്പറിൽ എത്തിയാൽ തങ്ങളെ മണിക്കൂറുകളോളം പുറത്ത് നിർത്തി അപമാനിക്കുന്നതാണ് ഷൈനി സണ്ണി ചെറിയാന്റെ രീതിയെന്ന് പ്രതിപക്ഷം വിമർശിച്ചു. അദ്ധ്യക്ഷയെ കാണാനെത്തുന്നവരോട് താനൊരു സ്വകാര്യ മീറ്റിംഗിലാണ് എന്ന് പറഞ്ഞ് മടക്കി അയക്കുന്നത് പതിവായതുകൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടി വന്നതെന്നും കൗൺസിലർമാർ പറഞ്ഞു. അതേ സമയം
എൽ.ഡി.എഫിന്റെ ആരോപണം ചെയർപേഴ്സണും യു.ഡി.എഫും നിഷേധിച്ചു. നഗരസഭയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിന് വേണ്ടിയാണ് തെറ്റായ പ്രചാരണങ്ങൾ നടത്തി എൽ.ഡി.എഫ് നിരന്തരമായി കൗൺസിൽ യോഗങ്ങളിൽ ബഹളമുണ്ടാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ വാദം.
'പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ആരെയും പുറത്ത് കാത്ത് നിറുത്തിയിട്ടില്ല. പ്രതിപക്ഷ അംഗങ്ങൾ അത്തരത്തിൽ മടങ്ങി പോയതിനെക്കുറിച്ച് തനിക്ക് അറിയില്ല."
ഷൈനി സണ്ണി ചെറിയാൻ