നെടുങ്കണ്ടം : പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തി. പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് ഏഴ് പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും അന്യായമായി സംഘം ചേർന്നതിനുമാണ് ആദ്യം കേസ് എടുത്തത്. എന്നാൽ വൈകിട്ടോടെ യുഎപിഎയും ചുമത്തുകയായിരുന്നു. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച്ചയായിരുന്നു നെടുങ്കണ്ടം ബാലൻപിള്ള സിറ്റിയിൽ പ്രതിഷേധവുമായി പ്രവർത്തകർ ഒത്തുകൂടിയത്. രണ്ട് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേരായിരുന്നു പ്രതിഷേധിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേസ് എടുത്തത്.