തൊടുപുഴ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരി മുക്ത കേരളം കർമപരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നാളെ മൂന്ന് മണിക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി ഉച്ചക്ക് 2.30 ന് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് വിദ്യാർത്ഥികളുടെ ലഹരിബോധവത്കരണ റാലി നടക്കും. ഹയർ സെക്കന്ററി സ്‌കൂൾ എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ്, തെരുവ് നാടകം തുടങ്ങിയ വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽ നിന്നും ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോഡ് നേടിയ മുത്തുകുമാറിനെയും സുപ്പർടാലന്റ് ജീനിയസ് കിഡ് ആയി തെരെഞ്ഞെടുക്കപ്പെട്ട രണ്ട് വയസ്സുകാരൻ ഷനവിനെയും ചടങ്ങിൽ മന്ത്രി അനുമോദിക്കും. പട്ടികവർഗ വികസന വകുപ്പ് പദ്ധതിയിൽ അനുവദിച്ച ലാപ്‌ടോപ്പ് എൻജിനീയറിങ് വിദ്യാർത്ഥി നീതുവിന് പി.ജെ. ജോസഫ് എം.എൽ.എ ചടങ്ങിൽ കൈമാറും.