പീരുമേട്: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ചൈൽഡ് ലൈനിന്റെയും സംയുക്താഭിമുഖ്യത്തിൽ പീരുമേട് മേഖലയിലെ സ്‌കൂൾ അധ്യാപകർക്കും കൗൺസിലർമാർക്കും പോക്‌സോ നിയമം സംബന്ധിച്ച് 'അറിവ് 2022' ഏകദിന പരിശീലന പരിപാടി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സിറാജുദ്ദീൻ പി.എ. ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാവുന്ന അതിക്രമങ്ങളിൽ സ്‌കൂൾ അധ്യാപകരുടെയും സ്‌കൂൾ കൗൺസിലർമാരുടെയും ഇടപെടൽ ഉണ്ടാവുന്നതിന് പോക്‌സോ നിയമവശങ്ങൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പീരുമേട് എസ്. എം. എസ് ക്ലബ്ബ് ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ശിശു സംരക്ഷണ ഓഫീസൻ ഗീത എം. ജി. അദ്ധ്യക്ഷത വഹിച്ചു. പീരുമേട് ഡി.വൈ. എസ്.പി. കുര്യാക്കോസ് ജെ. മുഖ്യപ്രഭാഷണം നടത്തി. പീരുമേട് എ.ഇ.ഒ. എം.രമേഷ്, പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ്, പീരുമേട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ആന്റണി ജോസഫ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. തുടർന്ന് പോക്‌സോ നിയമത്തെക്കുറിച്ച് അഡ്വ. സോബിൻ സോമൻ ക്ലാസ് നയിച്ചു.