പീരുമേട്: ഇരുപത്തിരണ്ടു വർഷമായി പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്പിനിയിലെ തൊഴിലാളികളുടെ ആനുകൂല്യത്തിനായുള്ള കണക്കെടുപ്പ് നാളെ അവസാനിക്കും. സുപ്രീം കോടതി നിർദ്ദേശപ്രകാരം സുപ്രീംകോടതി റിട്ട. ജസ്റ്റീസ് അഭയ് മനോഹർ സാപ്രയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് കണക്കെടുപ്പ് പുരോഗമിക്കുന്നത്.
തോട്ടം പ്രതിസന്ധിയെ തുടർന്ന് പൂട്ടിയ പീരുമേട് റ്റീ കമ്പനി പിന്നീട് തുറന്നില്ല. തുറക്കാത്ത തോട്ടങ്ങളിലെ തൊഴിലാളികളുടെ ആനുകൂല്യവും നഷ്ടപ്പെട്ടു. സുപ്രീം കോടതിയിൽ ലഭിച്ച ഹർജിയെ തുടർന്ന് സുപ്രീം കോടതി റിട്ട. ജസ്റ്റീസ് അഭയ് മനോഹർ സാപ്രേയെ അദ്ധ്യക്ഷനായി കമ്മീഷനെ നിയോഗിച്ചു.
പീരുമേട് റ്റീ കമ്പനി 2000 ൽ അടച്ചുപൂട്ടിയതാണ് .നിരവധി സിറ്റിങ്ങുകൾക്ക് ശേഷം തൊഴിലാളികൾക്ക് ആനുകൂല്യം നൽകാൻ കമ്മീഷൻ വിധിച്ചു. ഇതിനെ തീരെ കമ്പിനി തടസവാദമുന്നയിച്ചു. തടസവാദത്തെ തുടർന്ന് തൊഴിലാളികളുടെ കണക്കെടുപ്പ് കമ്മീഷന്റെ തോട്ടം ഉടമയുടെയും തൊഴിൽ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. പീരുമേട് അസിസ്റ്റന്റ് ലേബർ ഓഫീസിലാണ് കണക്കെടുപ്പ് നടക്കുന്നത്. 1256 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കാനുള്ളത്. 7 കോടിയോളം രൂപ ആനുകൂല്യമായി തൊഴിലാളിക്ക് ലഭ്യമാകും. 1105 തൊഴിലാളികൾ സിറ്റിങ്ങിൽ പങ്കെടുത്തു. തൊഴിലാളിയോ അവരുടെ ആശ്രിതരോ നേരിട്ടെത്തിയാണ് വിവരം നൽകേണ്ടത്. സിറ്റിങ്ങിൽ കോട്ടയം ഡിസ്ട്രിക്ട് ലേബർ കമ്മീഷണർ പി എം ഫിറോസ് ,എറണാകുളം ഡിസ്റ്റിക് ലേബർ കമ്മീഷണർ സിയാദ് ,ഡെപ്യൂട്ടി ലേബർ ഓഫീസർമാരായ സുജിത്ത് ലാൽ ,ബിജു ,എന്നിവർസിറ്റിങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചയായി നടക്കുന്നകണക്കെടുപ്പ് നാളെ അവസാനിക്കും.
15 ഇടങ്ങളിൽ
ആനുകൂല്യം ലഭിച്ചു
കേരളം ,തമിഴ്‌നാട്, ആസാം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി 16 തോട്ടങ്ങളാണ് അടഞ്ഞ് കിടന്നിരുന്നത്. ഇതിൽ 15 തോട്ടങ്ങളിലെയും തൊഴിലാളികൾക്ക് ആനുകൂല്യം വാങ്ങി നൽകി. ഇനി കേരളത്തിലെ പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കാനുള്ളത്.