തൊടുപുഴ: കേന്ദ്രസർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ ജില്ലയിലുള്ള രണ്ട് ഓഫീസുകളും എൻ.ഐ.എയും പൊലീസും ചേർന്ന് പൂട്ടി സീൽ ചെയ്തു. തൊടുപുഴയ്ക്കടുത്ത് കുമ്പംകല്ലിലുള്ള ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസും നെടുങ്കണ്ടം തൂക്കുപാലത്തുള്ള ഏരിയാ കമ്മിറ്റി ഓഫീസുമാണ് നോട്ടീസ് പതിപ്പിച്ച് സീൽ ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുമ്പംകല്ലിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് എൻ.ഐ.എ ഉദ്യോഗസ്ഥൻ എം.എസ്. ജയന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നോട്ടീസ് പതിച്ചത്. നോട്ടീസിന്റെ പകർപ്പ് കെട്ടിട ഉടമയ്ക്കും കൈമാറി. തുടർന്ന് രാത്രി എട്ടരയോടെ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസും റവന്യൂ അധികൃതരും ചേർന്ന് ഓഫീസ് സീൽ ചെയ്തു. കേസ് തീരും വരെ ഓഫീസ് പ്രവർത്തിച്ചിരുന്ന മുറി ഉപയോഗിക്കാനോ വിൽക്കാനോ വാടകയ്ക്ക് നൽകാനോ പാടില്ല. ഡിവൈ.എസ്.പി എം.ആർ. മധു,​ സി.ഐ വി.സി. വിഷ്ണുകുമാർ,​ തൊടുപുഴ തഹസിൽദാർ എം. അനിൽകുമാർ,​ വില്ലേജ് ഓഫീസർ എം.ആർ. ശ്രീകാന്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു. 22ന് പുലർച്ചെ രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിൽ തൊടുപുഴ ജില്ലാ കമ്മിറ്റി ഓഫീസുമുൾപ്പെട്ടിരുന്നു. പി.എഫ്.ഐയെ നിരോധിച്ചതിന് പിന്നാലെ പ്രവർത്തകർ ഇവിടെ സ്ഥാപിച്ചിരുന്ന സംഘനയുടെ ബോർഡ് നീക്കം ചെയ്തിരുന്നു. അടുത്ത ദിവസം തന്നെ ഓഫീസ് ഒഴിവായതായി കെട്ടിടം ഉടമ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ എൻ.ഐ.എ നി‌ർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പി.എഫ്.ഐ ഓഫീസുകളും ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കുമ്പംകല്ലിലെയും തൂക്കുപാലത്തെയും ഓഫീസുകൾ സീൽ ചെയ്ത് നോട്ടീസ് പതിച്ചത്.

തൂക്കുപാലത്ത് രാത്രിയും പരിശോധന

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം തൂക്കുപാലത്തെ പി.എഫ്.ഐ ഓഫീസിനുള്ളിൽ രാത്രി വൈകിയും പരിശോധന തുടരുകയാണ്. ഓഫീസിന്റെ താഴ് തകർത്ത് അകത്ത് കടന്ന പൊലീസ് സംഘം ഒരു മുറിയുടെ പരിശോധനകൾ പൂർത്തിയാക്കി സീൽ ചെയ്തു. ഓരോ മുറികളിലെയും സാധനങ്ങൾ തിട്ടപ്പെടുത്തി മഹസർ തയ്യാറാക്കിയ ശേഷം ഓഫീസ് പൂർണമായി സീൽ ചെയ്യും. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന യഹിയ കോയ തങ്ങളുടെ പേരിലുള്ളതാണ് ഓഫീസിരിക്കുന്ന സ്ഥലം. ഇയാൾ ഇപ്പോൾ എൻ.ഐ.എയുടെ കസ്റ്രഡിയിലാണ്. 2016 ലാണ് ഓഫീസിരിക്കുന്ന 17 സെന്റ് സ്ഥലം വാങ്ങിയത്. 35 ചതുരശ്ര മീറ്റർ വീടിന് പഞ്ചായത്ത് നൽകിയ പെർമിറ്റിലാണ് ഓഫീസ് കെട്ടിടവും ഓഡിറ്റോറിയവും പണിതിരിക്കുന്നത്. പരിശോധന സംബന്ധിച്ച റിപ്പോർട്ട് സംഘം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. വിവരങ്ങൾ എൻ.ഐ.എ സംഘത്തെയും അറിയിച്ചു. കെട്ടിടത്തിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തിയ രേഖകൾ പൊലീസ് കണ്ടെടുത്തു. ബാബറി മസ്ജിദ് സംബന്ധിച്ച ചില ഫോട്ടോകൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. നിരവധി തലയിണകളും ഓഫീസിനുള്ളിൽ നിന്ന് കണ്ടെത്തി. 12-ാം വാർഡ് മെമ്പർ ശിഹാബുദ്ദീൻ ഇട്ടിക്കൽ, പാറത്തോട് വില്ലേജ് ഓഫീസർ ജയ്‌സൺ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ് പൂട്ട്‌പൊളിച്ച് പരിശോധന നടത്തിയത്.

പ്രകടനം നടത്തിയവർ ഒളിവിൽ

ബുധനാഴ്ച പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ നിരോധനത്തിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് പ്രതിഷേധ പ്രകടനം നടത്തിയ ഏഴ് പ്രവർത്തകർക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയതിന് പിന്നാലെ ഇവർ ഒളിവിൽ പോയി. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നെടുങ്കണ്ടം ബാലൻപിള്ള സിറ്റിയിലാണ് രണ്ട് കുട്ടികളടക്കം ഒമ്പത് പേർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യം പ്രതികൾക്കെതിരെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും അന്യായമായി സംഘം ചേർന്നതിനുമായിരുന്നു കേസ് എടുത്തിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ടോടെ യു.എ.പി.എയും ചുമത്തുകയായിരുന്നു.