മറയൂർ: മറയൂർ കോളനിയിൽ കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ ഒറ്റയാൻ ആശങ്കപരത്തി. രാത്രി എട്ടുമണിയോടെ കാടിറങ്ങിയ ഒറ്റയാൻ 11 മണിക്കാണ് തിരിച്ചുപോയത് പ്രദേശവാസികളും വനംവകുപ്പ് ജീവനക്കാരും പടക്കം പൊട്ടിച്ചും ഒച്ചയിട്ടുമാണ് കടത്തിവിട്ടത്. നൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മറയൂർ കോളനി ഭാഗത്താണ് കാട്ടാനയെത്തിയത്. ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നും പുറത്തേക്ക് കടന്നെത്തുന്ന കാട്ടാനകൾ പലതായി തിരിഞ്ഞാണ് കൃഷിയിടങ്ങളിൽ രാത്രിയിൽ തമ്പടിക്കുകകയാണ്. കോളനിയിൽ എത്തിയ ഒന്നരക്കൊമ്പൻ എന്ന വിളിപ്പേരുള്ള ഒറ്റയാൻ പ്രദേശത്ത് കരിമ്പിൻ തോട്ടത്തിലും വീടുകൾക്ക് സമീപവും വരെ എത്തി. പ്ലാവിൽ നിന്ന് ചക്ക അകത്താക്കിയ ശേഷം കനാലിൽ നിന്ന് വെള്ളവും കുടിച്ചാണ് മടങ്ങിയത്. ചുറ്റും കരിമ്പിൻ തോട്ടവമുള്ള പ്രദേശത്ത് രാത്രികാലങ്ങളിൽ ഒറ്റയാൻ ഇറങ്ങുന്നത് ഭീതി പരത്തുകയാണ്.