തൊടുപുഴ: രാഷ്ട്രപിതാവിന്റെ ജന്മദിനാഘോഷം വിപുലമായ ആഘോഷപരിപാടികളോടെ നടത്താൻ കാഡ്‌സ് സംയുക്ത ഭരണസമിതിയോഗം തീരുമാനിച്ചു. രണ്ടിന് രാവിലെ ഒമ്പതിന് കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തും. തുടർന്ന് കാഡ്‌സ് ഭരണസമിതി അംഗങ്ങളും സ്റ്റാഫ് പ്രതിനിധികളും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഗാന്ധി ദർശൻ വേദി ജില്ലാ അഡ്വ. ആൽബർട്ട് ജോസ് ഗാന്ധിജയന്തിദിന സന്ദേശം നൽകും. കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ പരിസ്ഥിതി സംരക്ഷണത്തിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'പൂ പാടം' നടീൽ ഉദ്ഘാടനം ഉദ്യാനശ്രീ അവാർഡ് ജേതാവ് ജെയ്‌മോൾ ജേക്കബും 'പഴം പന്തൽ' നടീൽ ഉദ്ഘാടനവും നിർവഹിക്കും. ജൈവ ശ്രീ അവാർഡ് ജേതാവ് പി.സി. ആന്റണിയും ഇല്ലി തൈ നടീൽ ഉദ്ഘാടനം ആർട്ടിസ്റ്റ് തൊടുപുഴ കൃഷ്ണൻകുട്ടിയും നിർവഹിക്കും. ചടങ്ങിൽ കർഷകപ്രതിനിധികളും സമൂഹത്തിന്റെ നാനാ തുറകളിലെ പ്രമുഖരും പങ്കെടുക്കും.