മുള്ളേരിയ: നാളികേരത്തിന്റെ നാട്ടിൽ നാളികേരത്തിന് യാതൊരു വിലയുമില്ലാതായി. വിലയില്ലായ്മ മൂലം മലയോരത്തെ കർഷകർ കണ്ണീരൊഴുക്കുകയാണ്. ഒരു തെങ്ങിൽ കയറാൻ ഉള്ള ശരാശരി കൂലി 50 രൂപയാണ്. കിട്ടിയ തേങ്ങയെ പൊതിക്കാൻ ഇപ്പോൾ ഒരു രൂപയും ചിലയിടങ്ങളിൽ ഒരു രൂപ 25 പൈസയും ആണ്. ഇതിനെ പൊതുവിപണിയിൽ എത്തിച്ച് വിൽപ്പന നടത്തുമ്പോൾ കിലോയ്ക്ക് കിട്ടുന്നതോ 24- 25 രൂപ. ഓരോ തെങ്ങിനും ശരാശരി വളപ്രയോഗം നടത്താമെന്ന് വച്ചാലും ജൈവ വളത്തിനും രാസവളത്തിനും കടുത്ത വിലയാണ്.

നാളികേര വിലയിടിവിൽ കർഷകർ നട്ടംതിരിയുകയാണ്. താങ്ങാവാൻ സർക്കാർ തലത്തിൽ മന്ദഗതിയിലുള്ള നടപടിയും. നാളികേര സംഭരണം പേരിലൊതുങ്ങുന്നു. ജില്ലയിൽ രണ്ട് ഇടങ്ങളിൽ മാത്രമാണ് ഇപ്പോൾ സംഭരണം നടക്കുന്നത്. പള്ളിക്കര കോ-ഓപ്പറേറ്റീവ് കൺസ്യൂമർ വെൽഫെയർ സൊസൈറ്റി, നീലേശ്വരം അഗ്രികൾച്ചറലിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ മുഖാന്തരമാണ് 32 രൂപ താങ്ങുവിലയിൽ നാളികേര സംഭരണം നടന്നുകൊണ്ടിരിക്കുന്നത്. മുമ്പ് നാളികേര സംഭരണം കൃഷിഭവൻ മുഖാന്തരം നടന്നുകൊണ്ടിരിക്കുമ്പോൾ കർഷകർക്ക് മെച്ചപ്പെട്ട വില ലഭിച്ചിരുന്നു. കേരഗ്രാമ പദ്ധതിയാകട്ടെ ചുരുക്കം ചില ബ്ലോക്കുകളിൽ മാത്രമായി ഒതുങ്ങി.

ബോർഡ് വികസനവും പേരിന് മാത്രം

കേന്ദ്ര സർക്കാർ സ്ഥാപനമായ നാളികേര വികസന ബോർഡ് ഈ സാമ്പത്തിക വർഷം 110 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാളും പല പദ്ധതികളുടെയും ഫണ്ടുകളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. അതും വിരലിൽ എണ്ണാവുന്ന കർഷകർക്ക് ഉപകരിക്കുന്ന പദ്ധതികൾ മാത്രമേ ഉള്ളൂ. അതിലും പല പദ്ധതികളും നാളികേര കർഷകർക്ക് ഉപകാരപ്പെടുന്നത് യാതൊന്നുമില്ല. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം എറണാകുളം ആയിട്ടും കേരളത്തിന് പ്രത്യേകിച്ചൊരു ഗുണവും കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു.

ഇങ്ങനെ പോയാൽ നാളികേരം കാണാതാകും!

ജില്ലയിലുള്ള നാളികേര ഉൽപാദക സംഘങ്ങളും, ഫെഡറേഷനുകളും ഇപ്പോൾ യാതൊരുവിധ പദ്ധതികളുടെ അനുകൂലവും ലഭിക്കാത്തത് മൂലം നിർജീവമാണ്. പല പ്രദേശങ്ങളിലും നാളികേരം വെട്ടി മുറിച്ച് കവുങ്ങ് കൃഷിയെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോഴത്തെ നിലവാരത്തിൽ ഭേദപ്പെട്ട വിലയാണ് അടയ്ക്കക്ക് കിട്ടുന്നത്. ഈ വില നിലവാരത്തിൽ മുമ്പോട്ടു പോവുകയാണെങ്കിൽ മലയോര പ്രദേശങ്ങളിൽ ഭാവിയിൽ നാളികേരം അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ല.