home

കണ്ണൂർ: അനുദിനം നഗരവത്കരണത്തിലേക്ക് കുതിക്കുന്ന ജില്ലയിൽ ഉപയോഗിക്കുന്ന കെട്ടിട നിർമ്മാണ സാമഗ്രികളിൽ റേഡിയോ ആക്ടീവ് എലമെന്റുകളുടെ സാന്നിദ്ധ്യം മൂലം വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പഠനം. സർവ്വകലാശാലയിലെ ഭൂമിശാസ്ത്ര വകുപ്പാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പഠനം അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ ജേർണലായ സ്പ്രിംഗറിന്റെ റേഡിയോ അനലിറ്റിക്കൽ ആൻഡ് ന്യൂക്ലിയർ കെമിസ്ട്രി (ജെ. ആർ.എൻ.സി) യിൽ പ്രസിദ്ധികരിക്കപ്പെട്ടു.

ജില്ലയിലെ പ്രധാന പട്ടണങ്ങളായ കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ, പയ്യന്നൂർ മേഖലകളിൽനിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇവിടങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന കെട്ടിടനിർമ്മാണ സാമഗ്രികളായ ചെങ്കല്ല്, ടൈൽ, സിമെന്റ്, മാർബിൾ, ഗ്രാനൈറ്റ്, പാറപ്പൊടി, ഹോളോബ്രിക്‌സ്, മണൽ, ഓട് എന്നിവയിലെ റേഡിയോആക്ടീവ് എലമെന്റുകളായ റേഡിയം, തോറിയം, പൊട്ടാസ്യം എന്നിവയുടെ തോത് കണക്കാക്കുകയും അതിൽനിന്നും വിവിധ റേഡിയോളോജിക്കൽ പരാമീറ്ററുകൾ കണ്ടെത്തുകയും ചെയ്തു. ഇവയെ അന്താരാഷ്ട്ര അംഗീകൃത പരിധിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാനൈറ്റ്, ഹോളോബ്രിക്‌സ്, പാറപ്പൊടി എന്നിവയിൽ അന്താരാഷ്ട്ര ശരാശരിയേക്കാൾ കൂടുതൽ ആണെന്ന് കണ്ടെത്തി.

കണ്ണൂർ ജില്ലയിൽ കഴിഞ്ഞ പത്തുവർഷത്തിൽ ബിൽഡ് അപ്പ് ഏരിയ 124.8 ചതുരശ്ര കിലോമീറ്ററിൽ നിന്നും 194.43 ചതുരശ്ര കിലോമീറ്റർ ആയി വർദ്ധിച്ചു. നിലവിൽ ജില്ലയിലെ പ്രധാന തൊഴിൽ മേഖല കൂടിയാണ് കെട്ടിട നിർമ്മാണം. ഒരു ശരാശരി മനുഷ്യജീവിതത്തിന്റെ 80 ശതമാനം സമയവും ആളുകൾ ചിലവഴിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള കെട്ടിടങ്ങൾക്കുള്ളിൽ ആണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. റേഡിയോ ആക്ടീവ് എലമെന്റുകളുടെ സാന്നിദ്ധ്യം കൂടുതലുള്ള കെട്ടിടങ്ങൾ ഭാവിയിൽ ഉണ്ടാക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഗൗരവം ഉള്ളവയാണെന്ന് പഠനം ചൂണ്ടികാട്ടുന്നു.

കണ്ണൂർ സർവ്വകലാശാലയിലെ ഭൂമിശാസ്ത്ര വകുപ്പ് മേധാവി ഡോ. ടി.കെ. പ്രസാദ്, ഡോ. ജി. ജയപാൽ, ഡിപ്പാർട്ട്മെന്റിലെ മുൻ ഗവേഷണ വിദ്യാർത്ഥിയും നിലവിൽ ഗവ. കോളേജ് തോലനൂരിലെ ഭൂമിശാസ്ത്ര വകുപ്പിലെ ഡോ. കെ.പി ഷിമോദ്, കാസർകോട് ഗവ. കോളേജിലെ ഫിസിക്‌സ് വിഭാഗത്തിലെ ഡോ. വി. വിനീത്കുമാർ, കാലിക്കട്ട് സർവകലാശാലയിലെ ഫിസിക്‌സ് വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിയായ സി.വി വിഷ്ണു എന്നിവരാണ് പഠനസംഘത്തിൽ ഉണ്ടായിരുന്നത്.