chnedumalli
തിമിരി സർവ്വീസ് സഹകരണ ബാങ്കിന്റെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ചടങ്ങിൽ നിന്ന് ...

ചെറുവത്തൂർ: ഓണത്തിന് പൂക്കളം ഒരുക്കാൻ മറുനാടൻ പൂക്കളെ ഒഴിവാക്കി സ്വന്തം പൂക്കൾ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ തിമിരി സർവ്വീസ് സഹകരണ ബാങ്ക് ഒരുക്കിയ ചെണ്ടുമല്ലി കൃഷിയിൽ വൻ വിളവെടുപ്പ്. ബാങ്കിന്റെ കണ്ണാടിപ്പാറിയിലെ ഒരേക്കർ സ്ഥലത്തുള്ള പാടത്ത് ചുവപ്പും മഞ്ഞയും നിറത്തിൽ പൂത്തുകിടക്കുന്ന ചെണ്ടുമല്ലിക നാടിന് തന്നെ വർണ്ണാഭ പകരുന്നതായിരുന്നു. പെരിയയിൽ നിന്നും കരിന്തളത്തു നിന്നും വിത്ത് എത്തിച്ചാണ് കൃഷി ആരംഭിച്ചത്.

ബാങ്ക് പരീക്ഷണാർത്ഥമാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചതെങ്കിലും സംഭവം വിജയകരമായി. നീണ്ടു നിരനിരയായി കിടക്കുന്ന തോട്ടത്തിലെ ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പായിരുന്നു ഇന്നലെ. പൂവാങ്ങാനും തോട്ടം കാണാനും നിരവധി പേരെത്തി. തോട്ടത്തിൽ നിന്നും പറിച്ച് ചില്ലറ വിൽപനയും ഇവിടെ ആരംഭിച്ചിരുന്നു.

ആദ്യ വിളവെടുപ്പിൽ തന്നെ 25 കിലോ പൂക്കളാണ് വിറ്റുതീർന്നത്. കനത്ത മഴകാരണം കൂടുതൽ പൂക്കൾ പറിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. മാർക്കറ്റിൽ 250 രൂപ വിലയുള്ള ചെണ്ടുമല്ലി പകുതി വിലയ്ക്കാണ് ബാങ്ക് വിൽക്കുന്നത്. ഓണം വിപണി അവസാനിച്ചാൽ നവരാത്രി ആഘോഷങ്ങൾക്കും പൂ നല്കാൻ സാധിക്കും. ബാങ്കിന്റെ വനിതാ ഡയറക്ടർമാരായ ടി.പി രജനി, പ്രസീന, ഉഷ, അജിത എന്നിവരും ബാങ്കിലെ ഏതാനും ജീവനക്കാരുമാണ് കൃഷി പരിപാലിച്ചത്. ഹൊസ്ദുർഗ് സഹകരണ സംഘം അസി. രജിസ്ട്രാർ കെ. രാജഗോപാലൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കയ്യൂർ ചീമേനി കൃഷി ഓഫീസർ രേഷ്മ, കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ കെ. രഞ്ജിത്ത്, ഓഡിറ്റർ പ്രഭ, ഡയറക്ടർ പി. സി ജയറാം പ്രകാശ്, കെ.സി.ഇ.യു യൂണിറ്റ് സെക്രട്ടറി ടി. ബാബു എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി കെ.വി സുരേഷ് കുമാർ സ്വാഗതവും ഡയറക്ടർ ടി.പി രജനി നന്ദിയും പറഞ്ഞു.