achaar

തൃക്കരിപ്പൂർ: സഹപാഠിക്കൊരു വീടൊരുക്കാനായി കുട്ടിക്കൂട്ടത്തിന്റെ അച്ചാർ ചാലഞ്ച്. ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ഗവ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് അച്ചാർ വിൽപ്പനയുമായി രംഗത്തെത്തിയത്. സ്കൂളിലെ ആറാം ക്ലാസിലെയും എട്ടാം ക്ലാസിലെയും സഹോദരിമാർക്ക് വീടൊരുക്കാനുള്ള സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായാണ് ഓണക്കാലത്തെ വിപണി ലക്ഷ്യമാക്കി സഹപാഠികളുടെ അച്ചാർ വിൽപ്പന. അടച്ചുറപ്പില്ലാത്ത വീട്ടിൽ പരിമിതിക്കുള്ളിൽ കഴിയുന്ന കുട്ടികൾക്ക് കൈത്താങ്ങാനാകാനായി നേരത്തെ നടത്തിയ ആക്രി ചലഞ്ച്, ബിരിയാണി ഫെസ്റ്റ് എന്നിവയുമായി നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണമാണ് അച്ചാർ ഫെസ്റ്റിന് കളമൊരുക്കിയത്. സ്കൂൾ പി.ടി.എയുടെയും അദ്ധ്യാപകരുടെയും പൂർണ്ണ പിന്തുണയോടെ സമൂഹ മാദ്ധ്യമങ്ങളിലൂടെയും മൗത്ത് പബ്ലിസിറ്റിയിലൂടെയും അച്ചാർ വിപണി കീഴടക്കിയപ്പോൾ വർത്തമാന കാലത്ത് കാരുണ്യത്തിന്റെയും കരുതലിന്റെയും പുതിയ മാനം തീർക്കുകയാണിവർ..