photo-1-
കണ്ണൂർ പഴയ ബസ് സ്റ്റാന്റിലെ പൂവിപണി

കണ്ണൂർ:ഒാണക്കാലത്തെ ഇത്തവണ പ്രതീക്ഷയോടെ വരവേൽക്കുകയാണ് പൂ വിപണി. പരമാവധി പൂക്കൾ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. അത്തം മുതൽ നഗരത്തിൽ പൂ വിപണി സജീവമാണ്. ചെണ്ടുമല്ലി, അരളി, റോസ്, സൂര്യകാന്തി, ജമന്തി തുടങ്ങിയ പൂക്കളെല്ലാം വിപണിയിലുണ്ട്. ഇക്കുറി പൂക്കൾക്ക് വിലയും അൽപ്പം കൂടുതലാണ്. പൂക്കൾക്ക് വലിയ ക്ഷാമം നേരിടുന്നുണ്ടെന്നാണ് വ്യാപാരികളുടെ വാദം. പ്രധാനമായും കർണാടകയിലെ ഗുണ്ടൽപേട്ട്, ചിക്ക് ബല്ലാപൂർ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ കേരളത്തിലേക്കെത്തുന്നത്.

കൊവിഡ് കാലത്ത് നേരിട്ട പ്രതിസന്ധിയും പ്രതികൂലമായ കാലവസ്ഥയും കാരണം ഇവിടങ്ങളിലെ കർഷകർ പലരും കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ മുൻ വർഷങ്ങളിൽ ലഭിച്ചതുപോലെയുള്ള പൂക്കൾ ഇത്തവണയില്ലാത്ത സ്ഥിതിയാണ്. കർണാടകയിൽ പൂ വാങ്ങിക്കുന്നതിന് കേരളത്തിൽ നിന്നുള്ള ലോറികൾ ദിവസങ്ങളായി ക്യൂവിൽ നിൽക്കുകയാണെന്നും വ്യാപാരികൾ പറഞ്ഞു. ഇത്തവണ ഓണം പൊടി പൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് നാടെങ്ങും. കോളേജിലും സ്‌കൂളുകളിലും ഓണാഘോഷം തുടങ്ങി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിരുന്നു സ്‌കൂളുകളിലും കോളേജിലും ഓണാഘോഷം. അതിനാൽ ഈ രണ്ട് ദിവസം മോശമില്ലാത്ത കച്ചവടം വ്യാപാരികൾക്ക് ലഭിച്ചു.വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നവരും വീട്ടിൽ പൂക്കളമിടുന്നതിനാവശ്യമായ പൂക്കൾ വാങ്ങുന്നുണ്ട്.

കർണാടകയിൽ ഇപ്പോൾ പൂജാഘോഷങ്ങൾ നടക്കുകയാണ്. അതിനാൽ അവിടെ പൂക്കൾക്ക് ഡിമാന്റേറെയാണ്. കേരളത്തിലേക്ക് കയ​റ്റി അയക്കുമ്പോൾ വില വീണ്ടും വർദ്ധിക്കും. നിലവിൽ പൂ വിപണിയിൽ 20 രൂപ മുതൽ 600 രൂപ വരെയാണ് വില.

ഒരു കിലോ നിരക്കിൽ വില

ചെണ്ടുമല്ലി മഞ്ഞ 150-200

ചെണ്ടുമല്ലി ഓറഞ്ച്160-200

അരളിപൂ റോസ് 500

വെള്ള ജമന്തി 400

പിങ്ക് ജമന്തി 500

റോസ് 300

ഡബിൾ ഷേഡ് റോസ് 500

വാടാമല്ലി 200

അനുമതി പഴയ ബസ് സ്​റ്റാൻഡിൽ മാത്രം
നിലവിൽ നഗരത്തിൽ പഴയ ബസ് സ്​റ്റാൻഡിൽ മാത്രമാണ് പൂ കച്ചവടത്തിന് അനുമതി നൽകിയിരിക്കുന്നത്. മുനീശ്വരൻ കോവിലിന് സമീപമുള്ള നിലവിലെ പൂസ്​റ്റാളുകളിലും കച്ചവടമുണ്ട്. സ്​റ്റേഡിയം കോർണറിൽ പൂ കച്ചവടക്കാർ നിലയുറപ്പിച്ചിരുന്നെങ്കിലും കോർപറേഷൻ ഇടപെട്ട് മാ​റ്റുകയായിരുന്നു. നഗരത്തിലെ തിരക്ക് കണക്കിലെടുത്താണ് പൂ കച്ചവടം പഴയ സ്​റ്റാൻഡിൽ അനുവദിച്ചത്.