നീലേശ്വരം: അഗ്നിശമന സേന കേന്ദ്രത്തിനായുള്ള നീലേശ്വരത്തിന്റെ കാത്തിരിപ്പ് നീളുന്നു. വർഷങ്ങളായുള്ള നീലേശ്വരം കേന്ദ്രീകരിച്ച് ജില്ലയിൽ പുതിയ അഗ്നിശമന സേന നിലയം വേണമെന്ന ആവശ്യമാണ് തഴയപ്പെടുന്നത്. കയ്യൂർ -ചീമേനി പഞ്ചായത്തിലെ ചീമേനിയിൽ മാത്രമാണ് ജില്ലയിൽ പുതിയ ഫയർസ്റ്റേഷൻ ആരംഭിക്കാൻ നിലവിൽ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ബദിയടുക്ക ഉൾപ്പെടെ ജില്ലയിൽ മറ്റൊരു സ്ഥലത്തും പുതുതായി അഗ്നിശമനനിലയം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി അറിയിച്ചു.
ചീമേനിയിൽ പുതിയ അഗ്നിശമന സേന നിലയം ആരംഭിക്കുന്നതിന് 2021 ഫെബ്രുവരി 18 ലെ സർക്കാർ ഉത്തരവ് പ്രകാരം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി. മലയോര മേഖലയിൽ വേനൽക്കാലത്ത് തീപിടിത്തങ്ങളും മറ്റ് അപകടങ്ങളും ഉണ്ടാകുമ്പോൾ നിലവിൽ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിശമനസേന എത്തേണ്ടത്. മൂന്നിടങ്ങളിൽ നിന്നായാലും വിദൂര മലയോര മേഖലകളിൽ എത്തിപ്പെടാനെടുക്കുന്ന കാലതാമസം പലപ്പോഴും അപകടങ്ങൾ വലുതാകാൻ കാരണമാകുന്ന സാഹചര്യത്തിലാണ് നീലേശ്വരം കേന്ദ്രീകരിച്ച് ഒരു അഗ്നിശമനനിലയം വേണമെന്ന ആവശ്യം ശക്തമായത്. ചീമേനിയിൽ നിന്നും ചുരുങ്ങിയ സമയംകൊണ്ട് മലയോര മേഖലയിലെ എല്ലാ സ്ഥലങ്ങളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നീലേശ്വരത്തിന് പ്രാധാന്യമുണ്ട്..
ചീമേനിക്ക് തൊട്ടടുത്ത് കണ്ണൂർ ജില്ലയിലെ പെരിങ്ങോത്തും അഗ്നിശമന സേന നിലയമുള്ളതിനാൽ ചെറുപുഴയും ചിറ്റാരിക്കാലുമടക്കമുള്ള മലയോര മേഖലയ്ക്കും ഇതുകൊണ്ട് വലിയ പ്രയോജനമുണ്ടാകാൻ സാദ്ധ്യതയില്ലെന്ന പരാതി ഉയരുന്നുണ്ട്. ചീമേനിയേക്കാളും താലൂക്കിൽ എല്ലായിടത്തും എളുപ്പത്തിൽ എത്താൻ കഴിയുന്ന നീലേശ്വരത്ത് തന്നെയാണ് പുതിയ നിലയം വേണ്ടതെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും അറിയിക്കുന്നത്. നീലേശ്വരത്തിന്റെ വിഷയത്തിൽ തൃക്കരിപ്പൂർ എം.എൽ.എ താല്പര്യം എടുക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.