കണ്ണൂർ: വിശ്വമാനവിക ദർശനം നൽകുന്ന ദൈവദശകവും ഗുരുസന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് സഹകരിക്കുമെന്ന് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ എന്റെ ഗുരു പരിശീലന ക്യാമ്പ് ജവഹർ പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഗിന്നസ് റെക്കോർഡ് നേടിയ ദൈവദശകം നൃത്താവിഷ്‌കാരത്തിനു നേതൃത്വം നൽകിയ അദ്ധ്യാപകരും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നർത്തകരും ക്യാമ്പിൽ പങ്കെടുത്തു. ഗുരുധ്യാനം, ദൈവദശകം, കുണ്ഡലിനിപ്പാട്ട്, ജനനീ നവരത്‌ന മഞ്ജരി, പിണ്ഡനന്ദി, അനുകമ്പാ ദശകം, ശിവപ്രസാദ പഞ്ചകം, ജാതി നിർണയം, ജാതി ലക്ഷണം എന്നീ കൃതികളാണ് നൃത്തരൂപത്തിൽ അരങ്ങിലെത്തിക്കുന്നത്. ആദ്യഘട്ടത്തിൽ സുദർശനൻ കലാക്ഷേത്ര ഭരതനാട്യത്തിൽ ക്ലാസടുത്തു. നർത്തകരായ കലാമണ്ഡലം വനജ, കലാമണ്ഡലം ലീലാമണി എന്നിവരെ ആദരിച്ചു.
ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കണ്ണൂർ യൂണിയൻ പ്രസിഡന്റ് പി.പി. ജയകുമാർ, എന്റെ ഗുരു ക്യാമ്പ് കണ്ണൂർ ചെയർപഴ്‌സൺ കലാമണ്ഡലം സിന്ധുജ, ചീഫ് കോ -ഓർഡിനേറ്റർ ഗാന രഘു, ജനറൽ കൺവീനർ ജി.വി. മഞ്ജുള എന്നിവർ പ്രസംഗിച്ചു. കെ. ബേബി, ദിൽന എന്നിവർ നേതൃത്വം നൽകി.