ഇരിട്ടി: താലൂക്കിലെ വിദ്യാലയ പരിസരങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും ഭീതിതമാം വിധം വർദ്ധിച്ചു വരുന്നതിൽ ഇരിട്ടി താലൂക്ക് സഭ കടുത്ത ആശങ്ക രേഖപ്പെടുത്തി.

ഇതു തടയാൻ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും പൊലീസിന്റെയും എക്‌സൈസിന്റെയും ഇടപെടലുകൾക്കൊണ്ടൊന്നും ഇത് ഫലപ്രദമായി തടയാൻ കഴിയുന്നില്ലെന്നും കോടതിയുടെ ഇടപെടൽ അനിവാര്യമായി വന്നിരിക്കുകയാണെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ. വേലായുധൻ ആവശ്യപ്പെട്ടു. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കാൻപോലും രക്ഷിതാക്കൾക്ക് പേടി തോന്നുന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നു കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂൾ അധികൃതരുമെല്ലാം ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി മാഫിയ സമൂഹത്തിൽ പിടിമുറുക്കുന്നതിൽ എല്ലാ അംഗങ്ങളും ആശങ്ക രേഖപ്പെടുത്തി.

കോടികൾ മുടക്കി നിർമ്മിച്ച തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡിലെ തെരുവുവിളക്കുകൾ കത്താത്തതും കത്താത്ത ലൈറ്റുകളുടെ തുരുമ്പെടുത്ത ബാറ്ററികൾ അപകടഭീഷണിയാകും വിധം തുങ്ങി കിടക്കുന്നതും വീണ്ടും ചർച്ചയായി. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രജനിയാണ് പ്രശ്നം യോഗത്തിൽ ഉന്നയിച്ചത്.
മണത്തണ മുതൽ ബോയ്സ് ടൗൺ വരെയുള്ള റോഡിലെ കുഴികൾ എങ്കിലും അടയ്ക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ആവശ്യപ്പെട്ടു. പൊതുമാരാമത്ത് റോഡുകളിലേക്ക് വളർന്നു നില്ക്കുന്ന കാടുകൾ വെട്ടിത്തെളിയിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വിവിധ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടു.

ആറളം ഫാം തൊഴിലാളികൾക്ക് നാലുമാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളം ലഭിക്കാത പ്രശ്നം ഫാം സെക്യൂരിറ്റി ഓഫീസർ ശ്രീകുമാർ യോഗത്തിൽ വിശദീകരിച്ചു. സർക്കാറിലേക്ക് സഹായം അഭ്യർത്ഥിച്ചുക്കൊണ്ട് കത്ത് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തര സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സർക്കാർ ഫാമുകളിൽ ഏത് രീതിയിലാണ് വേതന വിതരണമെന്ന് പരിശോധന നടത്തി ആ റിപ്പോർട്ട്സഹിതം സർക്കാറിലേക്ക് നൽകണമെന്ന് തഹസിൽദാർ സി.വി. പ്രകാശനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും നിർദ്ദേശിച്ചു. കഴിഞ്ഞദിവസം മലവെള്ള പാച്ചലിൽ തകർന്ന വാഴയിൽ പാലത്തിനു പകരം പുതിയ പാലം ഉടൻ നിർമ്മിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. മാത്തുക്കുട്ടി പന്തപ്ലാക്കൽ, വിപിൻ തോമസ്, കെ. മുഹമ്മദലി, ദിലീപൻ പെരുമണ്ണ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ സംബന്ധിച്ചു.