നീലേശ്വരം: നീലേശ്വരം രാജാ റോഡിൽ മേൽപ്പാലത്തിനു താഴെയുള്ള അനധികൃത വാഹന പാർക്കിംഗിനെ തുടർന്നുണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ നടപടിയുമായി നഗരസഭ രംഗത്ത്. നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ പാർക്കിംഗ് ഏരിയ അടയാളപ്പെടുത്തി.

ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പ്രത്യേകം സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതുലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് പൊലീസിന് നിർദ്ദേശം നൽകി.

മേൽപാലത്തിനു താഴെ ഓട്ടോ സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നഗരസഭ രംഗത്തുവന്നത്.

റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാരാണ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രധാന ഗെയിറ്റിന് സമീപം വരെ ഇരുചക്ര വാഹനങ്ങൾ അനധികൃതമായി നിർത്തിയിട്ടിരുന്നത്. ഇതുകാരണം വിദ്യാർത്ഥികൾക്കും റെയിൽവേസ്റ്റേഷനിലേക്കും മന്ദംപുറത്ത് കാവിലേക്കും ഉൾപ്പെടെ വാഹനങ്ങളിൽ വരുന്നവർക്കുമാണ് ഏറ്റവും കൂടുതൽ പ്രയാസം അനുഭവപ്പെട്ടിരുന്നത്. നഗരസഭ പാർക്കിംഗ് ഏരിയ അടയാളപ്പെടുത്തിയതോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഗതാഗത കുരുക്ക് പരിഹരിക്കാൻ നഗരസഭ പാർക്കിംഗ് ഏരിയ അടയാളപ്പെടുത്തിയ നിലയിൽ