കാസർകോട്: കാസർകോട് നഗരത്തിൽ നഗരവനമൊരുക്കാൻ വനം വകുപ്പ്. അനുദിനമുണ്ടാകുന്ന നിർമ്മാണ പ്രവൃത്തികൾ മൂലമുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ മറികടക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പൊതുജന പങ്കാളിത്തത്തോടെ വനങ്ങളുടെ ചെറുമാതൃകകൾ നഗരങ്ങളിൽ പുനഃസൃഷ്ടിക്കുന്നതിനൊപ്പം സ്വാഭാവിക വനങ്ങൾ നിലനിർത്തുന്നതുമാണ് നഗരവനം പദ്ധതി. നഗരസഭയിലെ പള്ളം പ്രദേശത്താണ് വനം വകുപ്പ് നഗരവനം ഒരുക്കുന്നത്.

നിലവിൽ പള്ളത്ത് 21 ഹെക്ടറിൽ കണ്ടൽ കാടുകളുണ്ട്. ഈ കണ്ടൽ കാടിനോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ടൽ കാടുകൾ സംരക്ഷിക്കുകയും ഒപ്പം ഈ പ്രദേശത്തെ ജനങ്ങളെക്കൂടി ഉൾപ്പെടുത്തി ഒരു സ്വാഭാവിക വനം ഒരുക്കി ഇവിടുത്തെ ടൂറിസം വികസനവും ഇതിലൂടെ വനം വകുപ്പ് ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി കണ്ടൽകാടുകൾ കാണുന്നതിനും കണ്ടൽ പ്രദേശങ്ങളിലേക്ക് പോകുന്നതിനുമായി ബോട്ട് സർവീസുകൾ ആരംഭിക്കും. അതിനായി ബോട്ട് ജെട്ടി നിർമ്മിക്കും. തദ്ദേശീയരായ ജനങ്ങൾക്ക് ഇവിടെ വന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. അതോടൊപ്പം വനംവകുപ്പ് ശേഖരിക്കുന്ന വനവിഭവങ്ങൾ ഇവിടെ എത്തുന്ന സന്ദർശകർക്ക് പരിചയപ്പെടുത്താനും വിൽക്കുവാനുമുള്ള കിയോസ്‌കുകളും സ്ഥാപിക്കും.

കണ്ടൽ കാടുകൾ കാണുന്നതിനായി കാടുകൾക്ക് മുകളിലൂടെ എലിവേറ്റഡ് പാലങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. രണ്ടു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് വനം വകുപ്പ് ഉദ്ദേശിക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്നും 84 ലക്ഷം രൂപ പദ്ധതിക്കായി നിലവിൽ ലഭിച്ചിട്ടുണ്ട്.

മണ്ണിനെ അറിഞ്ഞുള്ള തൈകൾ

പദ്ധതിയുടെ നടത്തിപ്പിന് തദ്ദേശസ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, പരിസ്ഥിതി സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കും. നഗരവനം പദ്ധതി വിജയകരമാക്കാൻ ഓരോ നഗരങ്ങളിലെയും മണ്ണിന്റെ പ്രത്യേകതയനുസരിച്ച് അതിന് അനുയോജ്യമായ തൈകളാണ് തിരഞ്ഞെടുക്കുന്നത്. ഇതിൽ കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, അധികം ഉയരം വയ്ക്കാത്ത വൃക്ഷങ്ങൾ ഇടത്തരം ഉയരമുള്ള വൃക്ഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും.

വീരമലകുന്ന്, കോട്ടഞ്ചേരി, അരിയിൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം വികസനത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ വനം വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. അതിന്റെ ആദ്യപടിയാണ് പള്ളം നഗരവനം പദ്ധതി. ഈ പദ്ധതിയുടെ വിജയം മറ്റു ഇക്കോ ടൂറിസം പദ്ധതികളിലേക്ക് കടക്കുന്നതിന് വനം വകുപ്പിനു ഊർജമാകും.

കാസർകോട് ഡി.എഫ്.ഒ പി. ബിജു