പയ്യന്നൂർ: രാത്രിയുടെ മറവിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവരെ നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടികൂടി പിഴ ഈടാക്കി കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മാത്രം 20 ഓളം പേർക്കെതിരെയാണ് ഇത്തരത്തിൽ കേസുകൾ എടുത്തിട്ടുള്ളത് . ഓണം അടുത്തതോടെ നഗരത്തിൽ കോറോം റോഡ്, സ്റ്റേഡിയം റോഡ്, പെരുമ്പ, സെന്റർ ബസാർ തുടങ്ങിയ ഭാഗങ്ങളിൽ സമീപ ദിവസങ്ങളിൽ മാലിന്യം ഗണ്യമായി കൂടിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നഗരസഭ അധികൃതർ രാത്രി പരിശോധന കർശനമാക്കിയത്.

നഗരസഭക്ക് അടുത്ത പഞ്ചായത്തിലുള്ളവരും പയ്യന്നൂരിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നതായി ഹെൽത്ത് സ്ക്വാഡിന് വിവരം ലഭിച്ചിട്ടുണ്ട്. തെരുവ് നായ ശല്യവും കൂടിയിട്ടുണ്ട്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐമാരായ ഹരി പുതിയില്ലത്ത്, പി. ലതീഷ് , ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവരും ഹെൽത്ത് സ്ക്വാഡിൽ ഉണ്ടായിരുന്നു.