കണ്ണൂർ: ജില്ലാ ആശുപത്രിക്കു മുൻപിലുള്ള ഗതാഗതക്കുരുക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തലവേദനയാകുന്നു. ഇടുങ്ങിയ റോഡും റോഡരികിലെ അനധികൃത പാർക്കിംഗുമാണ് ഇവിടെയെത്തുന്ന നൂറുകണക്കിനാളുകൾക്കു വിനയാകുന്നത്.
ജില്ലാ ആശുപത്രി പഴയ ബ്‌ളോക്കിൽ പാർക്കിംഗ് സൗകര്യം പരിമിതമായതിനാൽ ഇവിടെയെത്തുന്ന കാറുകളും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ആയിക്കര, സിറ്റി റോഡരികിലാണ് നിർത്തിയിടുന്നത്. വളരെ ഇടുങ്ങിയ റോഡിലൂടെ പത്തോളം സ്വകാര്യ ബസുകളും നൂറുകണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്നുണ്ട്. താഴെചാവ്വ, ആദികടലായി എന്നിവടങ്ങളിലേക്ക് പോകാനുള്ള ഏറ്റവും എളുപ്പവഴിയും ഇതുതന്നെയാണ്. അതുപോലെ കണ്ണൂർ താണ, കാൾടെക്സ് എന്നിവടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്ലാസയിലെത്തിച്ചേരാൻ ഇതുവഴിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. കണ്ണൂർ സിറ്റി ഹയർസെക്കൻഡറി സ്‌കൂൾ, അറയ്ക്കൽ മ്യൂസിയം തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളിലേക്ക് ഇതുവഴി വേണം പോകാൻ.
കുറുവ, തോട്ടട ബീച്ചിലേക്ക് പോകുന്നതിനും ആയിക്കര റോഡു തന്നെയാണ് എളുപ്പ മാർഗം. ആയിക്കര മാർക്കറ്റിലും തുറമുഖത്തേക്ക് പോകുന്നതും ഇതിലൂടെ തന്നെയാണ്.
അപകടക്കെണിയാണ് റോഡ്
ജില്ലാ ആശുപത്രിലേക്ക് അത്യാസന്ന നിലയിൽ വാഹനങ്ങളിലും മറ്റുംവരുന്ന രോഗികൾ ഈ റോഡിൽ കുടുങ്ങിപോകുന്നത് നിത്യസംഭവമാണ്. മഴവെള്ളം കുത്തിയൊലിച്ചു പോകുന്നതിനാൽ റോഡരികുകൾ അപകടകരമായി താഴ്ന്നിട്ടുണ്ട്. ഇതുകാരണം ചിലയിടങ്ങളിൽ കാൽനട യാത്രപോലും അസാധ്യമായിരിക്കുകയാണ്. നേരത്തെ കന്റോൺമെന്റ് ഏരിയകളിൽ വലിയ വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു. ആശുപത്രി ബസ് സ്റ്റാൻഡിൽ പൊലീസ് ഔട്ട്‌പോസ്‌റ്റോ, ട്രാഫിക്ക് സിഗ്നലോയില്ലാത്തത് ഗതാഗതക്കുരുക്ക് വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.
റോഡരികിലൂടെ മഴവെള്ളം കുത്തിയൊലിച്ചതു കാരണം വലിയകുഴികൾ രൂപപ്പെട്ടത് ഇരുചക്രവാഹനക്കാർക്കും കാൽനട യാത്രക്കാർക്കും വളരെഅപകടം ചെയ്യുന്നുണ്ട്. ഈഭാഗങ്ങൾ മണ്ണിട്ടു നികത്തി ഗതാഗതയോഗ്യമാക്കണം.
രാജൻ, യാത്രക്കാരൻ, പ്ലാസ