ചാലോട്: ചാലോട് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കുഴി യാത്രക്കാരെ വലക്കുന്നു. ബസുകളും മറ്റു വാഹനങ്ങളും ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്താണ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. മാസങ്ങളായിട്ടും റോഡ് നന്നാക്കാൻ നടപടിയൊന്നും ഉണ്ടായിട്ടില്ല. മഴയിൽ വെള്ളം കെട്ടിക്കിടന്നതോടെയാണ് റോഡ് തകർന്ന് കുഴിയായത്.
സ്റ്റാൻഡിലേക്ക് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്തായിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താത്തത് പ്രതിഷേധാർഹമാണെന്ന് യാത്രക്കാർ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന് സമീപത്തുള്ള പ്രധാന പട്ടണമായ ചാലോട് ഗതാഗതക്കുരുക്കും വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലപരിമിതിയും കൊണ്ട് വീർപ്പുമുട്ടുകയാണ്. മറ്റു സ്ഥലമില്ലാത്തതിനാൽ ബസ് സ്റ്റാൻഡിൽ തന്നെയാണ് മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
ചാലോട് കവലയിൽ
അപകടക്കെണി
വാഹനങ്ങളുടെ വേഗനിയന്ത്രണത്തിന് സംവിധാനങ്ങളില്ലാത്ത ചാലോട് കവലയിൽ നിരവധി പേരാണ് ഇതുവരെയായി അപകടങ്ങളിൽ മരിച്ചത്. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ചാലോട് ടൗണിന്റെ വികസനത്തിനായി ഒമ്പതു കോടി രൂപ പഞ്ചായത്ത് വകയിരുത്തിയിരുന്നു. എന്നാൽ പ്രഖ്യാപനമല്ലാതെ നടപടികളൊന്നും ഇതുവരെയായി ഉണ്ടായിട്ടില്ലെന്നാണ് പരാതി.