തളിപ്പറമ്പ്: നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഷീ ലോഡ്ജ്, വർക്കിംഗ് വിമൻസ് ഹോസ്റ്റൽ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു. തളിപ്പറമ്പിൽ ഇനി സുരക്ഷിതമായി വനിതകൾക്ക് രാത്രി ചെലവഴിക്കാം. ബസ് സ്റ്റാൻഡ് സമുച്ചയത്തിലെ മുകൾ നിലയിലാണ് ലോഡ്ജും വർക്കിംഗ് വിമൻസ് ഹോസ്റ്റലും വരുന്നത്. നഗരത്തിൽ അപ്രതീക്ഷിതമായി രാത്രിയിൽ തങ്ങേണ്ടി വരുന്ന വനിതകൾക്ക് ആശ്രയമായാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്.

ഇതോടൊപ്പം ദൂരദേശങ്ങളിൽ നിന്നും തളിപ്പറമ്പിലെത്തി ജോലിചെയ്യുന്ന വനിതകൾക്ക് സുരക്ഷിതമായി താമസിക്കുന്നതിന് ഷീ ലോഡ്ജിനോട് ചേർന്ന് തന്നെ വർക്കിംഗ് വിമൻസ് ഹോസ്റ്റലും ഉണ്ടാകും. ബസ് സ്റ്റാൻഡിലെ നഗരസഭ ബിൽഡിംഗിന് മുകൾ നിലയിൽ മേൽക്കൂര നിർമ്മിക്കുന്നതിനും സീലിംഗ് നിർമ്മിക്കുന്നതിനും സുരക്ഷയുടെ ഭാഗമായി ഗ്രിൽസ് സ്ഥാപിക്കുന്നതിനുമായി ആദ്യഘട്ടത്തിൽ 12 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്.

നിർമ്മാണം ഉടൻ പൂർത്തിയാക്കും

ബസ് സ്റ്റാൻഡ് കെട്ടിട സമുച്ചയത്തിന്റെ മൂന്നാം നിലയിൽ പകുതിയിലേറെ ഭാഗത്ത് നേരത്തേ തന്നെ മേൽക്കൂര നിർമ്മിച്ചിരുന്നു. ബാക്കി ഭാഗത്ത് നിർമ്മാണം പുരോഗമിക്കുകയാണ്. മുറികൾ തിരിച്ച് ഇലക്ട്രിക്കൽ, പ്ലംബിംഗ് പ്രവൃത്തിയും ഉടൻ പൂർത്തിയാക്കി ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് നഗരസഭ.