photo
പഴയങ്ങാടി പി.ഡബ്‌ള്യു.ഡി ഓഫീസിലേക്ക് മുസ്ലിം ലീഗ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

പഴയങ്ങാടി: പഴയങ്ങാടി അണ്ടർബ്രിഡ്ജ് വിഷയത്തിൽ കേരള സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ പഴയങ്ങാടി പി.ഡബ്‌ള്യു.ഡി ഓഫീസിലേക്ക് കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. റെയിൽവേ അണ്ടർബ്രിഡ്ജിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപം വച്ച് പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച ലീഗ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിട്ട പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

അറസ്റ്റിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്.കെ.പി സക്കരിയ അദ്ധ്യക്ഷത വഹിച്ചു. കെ. ഫാരിഷ, നസീർ ബി മാട്ടൂൽ, ബി. അഷ്‌റഫ് പ്രസംഗിച്ചു. എ.പി ബദറുദ്ധീൻ സ്വാഗതവും പി.വി ഗഫൂർ നന്ദിയും പറഞ്ഞു. എസ്.കെ.പി സക്കരിയ, ജംഷീർ ആലക്കോട്, എസ്.യു റഫീഖ്, മഹമൂദ്, സമദ് ചൂട്ടാട്, ടി. അഷ്‌റഫ്, ഗഫൂർ ചൂട്ടാട് തുടങ്ങിയ നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

പുതിയ അണ്ടർബ്രിഡ്ജ് നിർമ്മിക്കേണ്ടത് കേന്ദ്രമല്ല, കേരള സർക്കാരാണ്. കേന്ദ്രത്തിൽ നിന്ന് അതിനുള്ള അനുമതി മാത്രമാണ് ആവശ്യം. അനുമതി നൽകിയതിന്റെ തെളിവ് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കേരള സർക്കാരും എം.എൽ.എയും പറയുന്നത് അവാസ്തവമാണ്. കേന്ദ്രം ആണ് പുതിയ റെയിൽവേ അണ്ടർബ്രിഡ്ജ് നിർമ്മിക്കേണ്ടത് എന്ന് തെളിയിച്ചാൽ താൻ കേന്ദ്ര സർക്കാരിന് മുന്നിൽ സത്യഗ്രഹം ഇരിക്കാം. ധൈര്യമുണ്ടെങ്കിൽ എം.എൽ.എ ഒരു സർവകക്ഷി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യാൻ തയ്യാറാകണം.

എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ