കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ 27ാം മൈൽ സെമിനാരി വില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ. ഇന്നലെ വൈകുന്നേരം 5.30ഓടെ വീണ്ടും ഉരുൾപൊട്ടിയതിനെ തുടർന്ന് വൻ മലവെള്ളപ്പാച്ചിലുണ്ടായി. പേരാവൂർ കാഞ്ഞിരപ്പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. തുടർന്ന് അധികൃതർ പുഴയുടെ തീരത്തു താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കഴിഞ്ഞ 35 ദിവസത്തിനുള്ളിൽ പൂളക്കുറ്റി സെമിനാരിവില്ല ഭാഗത്ത് ആഗസ്റ്റ് 1, 27, 28, 30, 31 സെപ്തംബർ 5 ദിവസങ്ങളിലായി തുടർച്ചയായി ആറുതവണയാണ് ഉരുൾപൊട്ടലുണ്ടായത്.
ഇന്നലെ മേഖലയിൽ അരമണിക്കൂർ മാത്രമാണ് മഴ പെയ്തത്. എന്നിട്ടും വീണ്ടും ഉരുൾപൊട്ടിയതിനാൽ ജനങ്ങൾ ഭയത്തിലായി. 27ാം മൈലിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് വനമേഖലയിലാണ് തുടരെ ഉരുൾപൊട്ടലുണ്ടാകുന്നതെങ്കിലും ഇതിന്റെ പ്രധാനകേന്ദ്രമായി കണിച്ചാറിലെ സെമിനാരിവില്ല മാറിയതാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. ഒരേ പ്രദേശത്തുതന്നെ തുടർച്ചയായി ഉരുൾപൊട്ടൽ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഇവിടുത്തെ സാഹചര്യത്തെക്കുറിച്ച് അടിയന്തര പഠനം നടത്തുന്നതിനോ ആളുകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാനോ അധികൃതർ ശ്രമിക്കാത്തത് പ്രദേശവാസികളിൽ കടുത്ത ആശങ്കയും പ്രതിഷേധവുമുയർത്തുന്നുണ്ട്. മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ക്വാറികളും ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്.

ആശങ്ക വർദ്ധിപ്പിക്കുന്ന വിഷയം ഉരുൾപൊട്ടലിന് കാരണമായത് വെറും അര മണിക്കൂർ പെയ്ത മഴയെന്നുള്ളതാണ്. മാത്രമല്ല, വനത്തിനുള്ളിൽ എന്തൊക്കെയോ സംഭവ വികാസങ്ങളുണ്ടെന്നുതന്നെയാണ് സംശയം. കഴിഞ്ഞ 35 ദിവസമായി ജനങ്ങളോടൊപ്പം നിന്ന് അവരുടെ ഭയവും വികാരവും നേരിട്ടനുഭവിച്ചറിഞ്ഞ ഒരാളെന്ന നിലയിൽ, ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാനുള്ളത് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ്. സമാധാനത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം എത്രയും വേഗം ഒരുക്കണം.

ആന്റണി സെബാസ്റ്റ്യൻ, പ്രസിഡന്റ്,

കണിച്ചാർ ഗ്രാമപഞ്ചായത്ത്

സെമിനാരി വില്ലയിലെ ഉരുൾപൊട്ടൽ