m-mukundan

എം. മുകുന്ദന് ശനിയാഴ്ച 80 -ാം പിറന്നാൾ

.........................

തെക്കുവടക്ക് അലഞ്ഞ് തിരിഞ്ഞ് കൂട്ടംതെറ്റി മേഞ്ഞ അരാജകവാദികളായ യുവാക്കളെ പ്രലോഭിപ്പിച്ച് ജീവിത ലഹരിയുടെ ഉന്മാദത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്കും നടത്തിച്ച മയ്യഴിയുടെ കഥാകാരനാണ് എം. മുകുന്ദൻ. ചിങ്ങത്തിലെ പൂരം നാളിൽ പിറന്ന കഥാകാരൻ 'നിങ്ങൾ ' പോലുള്ള നോവലിലൂടെ ഇന്നും വായനക്കാരുമായി സംവദിച്ച് മലയാളത്തിന്റെ സുകൃതമാവുന്നു. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ 'നിരത്ത് ' എന്ന ആദ്യ കഥയിലൂടെ മലയാളിയുടെ മനസ്സിൽ ചേക്കേറിയ എം. മുകുന്ദൻ 1942 സെപ്തംബർ പത്തിനാണ് മയ്യഴിയിലെ മണിയമ്പത്ത് കൃഷ്ണന്റെയും കുറമ്പാത്തിയുടെയും മകനായി പിറന്നത്.

മുകുന്ദന്റെ ജന്മദേശമായ മയ്യഴി അന്നു ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു. മുകുന്ദന് 12 വയസ്സാകുമ്പോഴാണ് ഫ്രഞ്ചുകാർ മയ്യഴി വിട്ടുപോയത്. അതുവരെ അതായത് 1954 വരെ മയ്യഴിക്കാരെല്ലാം ഫ്രഞ്ച് പൗരന്മാരായിരുന്നു. അതുകൊണ്ടു തന്നെ ആദ്യക്ഷരം പോലും ഫ്രഞ്ച് ഭാഷയിലായിരുന്നു. എന്നിട്ടും മുകുന്ദൻ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. പുതുച്ചേരി സർക്കാരിന്റെ കീഴിലുള്ള മയ്യഴിയെന്ന കൊച്ചുഗ്രാമത്തെ ലോകത്തോളമുയർത്തിയത്, ഫാന്റസിയുടെ മായാപ്രപഞ്ചത്തിലേക്ക് കൊണ്ടെത്തിച്ചത് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന ക്ളാസിക് കൃതിയാണ്.

എം. മുകുന്ദനുമൊത്ത് ഏതാനും നിമിഷങ്ങൾ:

പുഴ മുതൽ പുഴ വരെ

മയ്യഴിയുടെ മൂന്നു ഭാഗങ്ങളും പുഴയാണ്. ആ മയ്യഴിയിലാണ് ഞാൻ ജനിച്ചു വളർന്നത്. പുഴ എനിക്കെന്നും പ്രചോദനമായിരുന്നു. പുഴ കാണുമ്പോൾ എഴുതാൻ തോന്നും. മയ്യഴിപ്പുഴയുടെ സാന്നിദ്ധ്യമാണ് എന്നിലെ എഴുത്തുകാരനെ ഉണർത്തിയതെന്ന് വേണമെങ്കിൽ പറയാം. യമുനാ നദിയുടെ തീരത്തെ ജീവിതമാണ് ഡൽഹി ഗാഥകൾ എന്ന കൃതിക്ക് പിന്നിൽ. ഹോട്ടൽ മുറിയിലിരുന്ന് തുറന്നിട്ട ജാലകത്തിലൂടെ ഗംഗാ നദിയെ കണ്ടുകൊണ്ടാണ് ഞാൻ 'ഹരിദ്വാരിൽ മണിമുഴങ്ങുന്നു ' എന്ന നോവലെഴുതിയത്. പുഴകളെക്കുറിച്ച് എഴുതുന്ന എനിക്ക് നീന്താനറിയില്ല. പുഴയിൽ വീണാൽ എന്റെ കഥ കഴിയും.

പുലർച്ചെ നാലിന് എഴുന്നേറ്റ് എഴുതും. ഡൽഹിയിലായപ്പോൾ ഓഫീസിൽ ഉച്ചനേരത്തെ ഇടവേളയിലായിരുന്നു എഴുത്ത്. ഉച്ചയ്ക്ക് വഴിയരികിൽ കാറിന്റെ സ്റ്റിയറിംഗ് വീലിൽ പാഡ് വച്ച് എഴുതും. ഒരിക്കൽ ഇങ്ങനെ എഴുതുന്നത് കണ്ട് പൊലീസ് വന്നു ചോദിച്ചിരുന്നു, 'എന്താ പരിപാടിയെന്ന് ?​' നോവലെഴുത്താണെന്ന് പറഞ്ഞപ്പോൾ അവ‌ർ പിൻവാങ്ങി.

എൺപതിലെ

തിരക്കഥാകൃത്ത്

എഴുത്തിന് പ്രായമൊരു പ്രശ്നമല്ല. ഏതു പ്രായത്തിലും എഴുതാം. ഉള്ളിൽ സർഗാത്മകതയുണ്ടാകണമെന്നു മാത്രം. ഒരു പുതിയ മീഡിയയിൽ പ്രവർത്തിക്കുമ്പോഴുള്ള ത്രില്ലും സംഘർഷവും തിരക്കഥാ രചനയിലൂടെ അനുഭവിച്ചു. ഓരോ വിഷ്വലും മനസ്സിൽ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതുന്നത്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട രചനകളിലൊന്നായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സിനിമയാക്കാൻ പറ്റിയ അവസരം ഒരുപക്ഷേ ഇതായിരിക്കാം. സുകൃതം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹരികുമാറിനെപ്പോലുള്ള സംവിധായകനും ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സുരാജ് വെഞ്ഞാറമൂടിനെ പോലുള്ള നടനും കൂടി ഒത്തുവന്നപ്പോൾ അത് അപൂർവ ദൃശ്യാനുഭവമായി മാറുകയായിരുന്നു.

അതുപോലെ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന സിനിമ എന്റെ കഥയെ അടിസ്ഥാനമാക്കി ഈയിടെ പുറത്തിറങ്ങിയതും സന്തോഷത്തിന് വക നൽകുന്നു.

സിനിമയ്ക്ക്

പിടികൊടുക്കാതെ മയ്യഴി

രാമു കാര്യാട്ട്, ജേസി, കമൽ തുടങ്ങി നിരവധി സംവിധായകർ മയ്യഴിപ്പുഴ സിനിമയാക്കണമെന്ന ആവശ്യവുമായി വിവിധ ഘട്ടങ്ങളിൽ സമീപിച്ചിരുന്നു. എന്തുകൊണ്ടോ അതൊന്നും നടന്നില്ല. മയ്യഴി ഞാൻ എഴുതിയത് സിനിമയാക്കാൻ വേണ്ടിയായിരുന്നില്ല. ഏകദേശം അമ്പത് വർഷത്തോളമായി വായിക്കുന്ന നോവലാണിത്. മലയാളത്തിൽ മാത്രമല്ല, ഇംഗ്ളീഷിലും ഫ്രഞ്ചിലും ഹിന്ദിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് അവർ മയ്യഴിപ്പുഴ വായിക്കുന്നു. അതുമതി. ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇതുതന്നെയാണ് വലിയ അംഗീകാരം.

യാത്രകൾ,

സൗഹൃദങ്ങൾ

അത്രയൊന്നും ഞാൻ യാത്ര ചെയ്തിട്ടില്ല. അത്യാവശ്യം പോയി കാണേണ്ട രാജ്യങ്ങളിൽ പോയിട്ടുണ്ട്. ഓരോ യാത്രയും വലിയൊരു അനുഭവമാണ്. പുതിയ ഭാഷ രൂപപ്പെടുത്തിയെടുക്കാൻ അത്തരം യാത്രകൾ സഹായിക്കുന്നു. എന്നും അൽപനേരം ചെന്നിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്ന സ്ഥലമാണ് ചായക്കട. മുണ്ടും മടക്കിക്കുത്തി ചായക്കടയിലിരുന്ന് നാല് വർത്തമാനം പറയുന്നത് വലിയ ഇഷ്ടമാണ്. ചെറിയ ചെറിയ ചായക്കടകൾ കുറേശ്ശെയായി ഇല്ലാതാകുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.

പൂർത്തിയാകാത്ത കഥ

അതൊരു വലിയ രാഷ്ട്രീയ നോവലാണ്. അതിനെക്കുറിച്ച് പറയാനായിട്ടില്ല. എഴുത്തുകാരനാകണമെന്ന് സ്വപ്നം കണ്ടിരുന്നു. ഒരു ചെറിയ എഴുത്തുകാരൻ മാത്രമാണ് സ്വപ്നത്തിലുണ്ടായിരുന്നത്.

ഞങ്ങളൊക്കെ എഴുതിത്തുടങ്ങിയിരുന്ന കാലത്ത് എഴുത്തുകാർ ഒരു ഉയർന്നതലത്തിലാണ് നിന്നിരുന്നത്. വായനക്കാർ താഴെയായിരുന്നു. ഇപ്പോൾ അതുമാറി. ഇന്ന് വായനക്കാരും എഴുത്തുകാരും ഒരേ തലത്തിലാണുള്ളത്. അതാണ് വായനയുടെ പരിസരത്തുണ്ടായ മാറ്റം. താൻ പറയുന്നത് മുഴുവൻ വായനക്കാർ സ്വീകരിക്കണമെന്ന് ശഠിക്കാൻ എഴുത്തുകാർക്ക് കഴിയില്ല. അതുകൊണ്ടുതന്നെ ഇതൊക്കെ മുൻകൂട്ടി കണ്ടുവേണം എഴുതാൻ.

തിരിഞ്ഞു

നോക്കുമ്പോൾ

വലിയ അത്ഭുതങ്ങളൊന്നും കാണിച്ചിട്ടില്ല. കുറച്ചൊക്കെ ചെയ്തിട്ടുണ്ട്. അതുമതി. സഫലമീ യാത്ര.