
കണ്ണൂർ:സ്ഥിരം അദ്ധ്യാപകരില്ലാതെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സ് സ്ഥിരം അദ്ധ്യാപകരില്ലാത്തതിനാൽ താത്ക്കാലികമായി നിർത്തി വച്ചു. 2020ന് ശേഷം പുതിയ ബാച്ച് തുടങ്ങിയിട്ടില്ല. ഈ ബാച്ച് ഇറങ്ങി കഴിഞ്ഞാൽ ഒരു വർഷത്തേക്ക് കോഴ്‌സ് നിർത്തി വയ്ക്കുമെന്നാണ് സൂചന.
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പുള്ള കാമ്പസിലാണ് നിലവിൽ ക്ലാസുകൾ നടക്കുന്നത്. രണ്ടുവർഷമാണ് കോഴ്‌സിന്റെ കാലാവധി.സ്ഥിരം അദ്ധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കോഴ്‌സ് പുനഃരാരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ നാഷണൽ കൗൺസിൽ ഓഫ് ടീച്ചേഴ്‌സിന്റെ അഫിലിയേഷൻ ലഭിച്ചാൽ മാത്രമേ കോഴ്‌സ് പുനഃരാരംഭിക്കാൻ സാധിക്കുകയുള്ളൂ. അഫിലിയേഷൻ ലഭിക്കണമെങ്കിൽ സ്ഥിരം അദ്ധ്യാപകർ വേണമെന്നാണ് മാനദണ്ഡം. നിലവിൽ ഇവിടെ താത്കാലിക അദ്ധ്യാപകർ മാത്രമാണുള്ളത്. സ്ഥിരം അദ്ധ്യാപകരെ നിയമിക്കുമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷൻ ഇറക്കിയെങ്കിലും ഇതിന്റെ നടപടിക്രമങ്ങളൊന്നും നടന്നിട്ടില്ല. സ്ഥിരം അദ്ധ്യാപക നിയമനം വൈകിയാൽ കോഴ്‌സ് പുനഃരാരംഭിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.
അംഗീകാരത്തിന് സ്ഥിരം നിയമനം
2021 മുതൽ സ്വകാര്യ കോളജിനെ ആശ്രയിച്ചാണ് വിദ്യാർത്ഥികൾ എം.പി.എഡ് പഠിക്കുന്നത്. ഇവിടങ്ങളിൽ ഭീമമായ തുകയാണ് കോഴ്‌സ് ഫീസായി ഈടാക്കുന്നത്. ഇത് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.സ്ഥിരം അദ്ധ്യാപകരുടെ നിയമനം ഉടൻ ഉണ്ടാകുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നുണ്ടെങ്കിലും തുടർ നടപടിയൊന്നുമില്ലെന്നാണ് ആക്ഷേപം. ഒരു വർഷത്തിനുള്ളിൽ അദ്ധ്യാപകരെ നിയമിച്ച് കോഴ്‌സ് പുനഃരാരംഭിക്കാനാണ് ആലോചിക്കുന്നതെന്നും അധികൃതർ പറഞ്ഞിരുന്നു. സ്ഥിരം അദ്ധ്യാപക നിയമനം നടന്നെങ്കിൽ മാത്രമേ നാഷണൽ കൗൺസിൽ ഓഫ് ടീച്ചേഴ്‌സിന്റെ അഫലിയേഷൻ ലഭിക്കുകയുള്ളു. ഇതു ലഭിച്ചെങ്കിൽ മാത്രമാണ് കോഴ്‌സ് പുനഃരാരംഭിക്കാൻ സാധിക്കുകയുള്ളു
.