കണ്ണൂർ: അപകടകരമായ രീതിയിൽ വസ്തുക്കൾ വിഴുങ്ങുന്നത് മൂലം ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി കണ്ണൂർ ആസ്റ്റർ മിംസിലെ പാൽമനോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വിഷ്ണു ജി കൃഷ്ണൻ പറഞ്ഞു. സാധാരണഗതിയിലുള്ള കേസുകൾക്ക് പുറമെ ഗുരുതരാവസ്ഥയിലാകുന്ന അനേകം കേസുകൾ സമീപകാലത്ത് ആവർത്തിക്കുന്നുണ്ട്.

അതീവ സങ്കീർണ്ണമായ രണ്ട് കേസുകളാണ് സമീപ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയത്. ഒന്നര വയസുകാരന് നിലക്കടല കഴിക്കാൻ വീട്ടുകാർ തന്നെ കൊടുത്തതാണ് ഇതിൽ ഒന്ന്. വലിയ നിലക്കടലായിരുന്നതിനാൽ തൊണ്ടയിൽ തടഞ്ഞ് നിൽക്കുകയും ശ്വാസതടസ്സം ആരംഭിക്കുകയും ചെയ്തു. രണ്ടാമത്തെ കേസ് രണ്ടര വയസുകാരിയാണ്. സ്‌കാർഫ് പിൻ വായിൽ കടിച്ച് പിടിച്ചിരിക്കുന്നതിനിടയിൽ പിന്നിൽ നിന്ന് മറ്റൊരു കുട്ടി തള്ളുകയും വീഴ്ചയ്ക്കിടയിൽ പിന്ന് വിഴുങ്ങി ശ്വാസകോശത്തിൽ തുളച്ച് കയറുകയായിരുന്നു. രണ്ട് കേസുകളിലും പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.

നിലക്കടല പോലുള്ള വസ്തുക്കൾ ചെറിയ കുട്ടികൾക്ക് കഴിക്കാൻ കൊടുക്കാതിരിക്കുക, സ്‌കാർഫ് പിൻ പോലുള്ളവ കുട്ടികൾക്ക് എടുക്കാൻ സാധിക്കാത്ത രീതിയിൽ വെക്കുക, എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ വിഴുങ്ങിയതായി തോന്നുകയോ ലക്ഷണങ്ങൾ കാണപ്പെടുകയോ ചെയ്താൽ ഉടൻ ആശുപത്രിയിലെത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധപുലർത്തണമെന്നും വിഷ്ണു ജി കൃഷ്ണൻ അറിയിച്ചു.