കാസർകോട്: മാനവരാശിയെ വെളിച്ചത്തിലേക്ക് നയിച്ച വിശ്വമഹാഗുരുവും അനുകമ്പാമൂർത്തിയുമായ ശ്രീനാരായണ ഗുരുദേവന്റെ 168 -ാമത് ജയന്തി 10 ന് ശനിയാഴ്ച കാസർകോട് ജില്ലയിലെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിക്കും. എസ്.എൻ.ഡി.പി യോഗം കാസർകോട്, ഉദുമ, ഹോസ്ദുർഗ്, വെള്ളരിക്കുണ്ട്, തൃക്കരിപ്പൂർ യൂണിയനുകളുടെയും വിവിധ ശാഖകളുടെയും നേതൃത്വത്തിലും ശ്രീനാരായണ മഠങ്ങൾ, ഗുരുമന്ദിരങ്ങൾ, ഗുരുധർമ്മ പ്രചാരണ സഭ, ഗുരുകുലം എന്നിവയുടെ അഭിമുഖ്യത്തിലും ഗുരുജയന്തി ദിനത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ശിവഗിരി മഠം ഏറ്റെടുത്ത ബങ്കളം കൂട്ടപ്പുന്നയിലെ ശ്രീനാരായണ ആശ്രമത്തിലാണ് ഇത്തവണ ജില്ലയിലെ ഏറ്റവും വിശേഷാൽ പരിപാടികൾ നടക്കുന്നത്.

ആശ്രമത്തിൽ നടക്കുന്ന ജയന്തി ആഘോഷം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗുരുമന്ദിര നിർമ്മാണ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.സി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. നിർമ്മാണ കമ്മിറ്റി വൈസ് ചെയർമാനും 'കേരള കൗമുദി' റിപ്പോർട്ടറുമായ ഉദിനൂർ സുകുമാരൻ ആമുഖഭാഷണം നടത്തും. ചടങ്ങിൽ പ്രസാദ് ശാന്തി ചെറുപുഴ അനുഗ്രഹ പ്രഭാഷണം നടത്തും. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശൻ എന്നിവർ മുഖ്യാതിഥികളാകും.

നെല്ലിത്തറ ഗുരുമന്ദിരത്തിൽ

നെല്ലിത്തറ എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷ പരിപാടികൾ നടക്കും. രാവിലെ മുൻ യൂണിയൻ സെക്രട്ടറി കുമാരൻ വയ്യോത്ത് പതാക ഉയർത്തും. ഗുരുപൂജ, അനുസ്മരണ സമ്മേളനം, പായസവിതരണം എന്നിവയും ഉണ്ടാകും.