
തലശേരി: ജാഥ നടത്തിയത് കൊണ്ട് മാത്രം ഒരു രാഷ്ട്രീയ പാർട്ടിക്ക് നിലനിൽകാനാവില്ലെന്നും രാഷ്ട്രീയ നിലപാടാണ് പ്രധാനമെന്നും സി.പി. എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മതനിരപേക്ഷ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ സംവിധാനത്തിനായി പൊരുതാൻ കോൺഗ്രസിന് സാധിക്കുന്നില്ല. വർഗീയ ശക്തിയുടെ ബി ടീമായി മാറിയ കോൺഗ്രസിന് രാജ്യം നേരിടുന്ന വെല്ലുവിളിയെ എങ്ങനെ നേരിടാനാവുമെന്നും എം വി ഗോവിന്ദൻ ചോദിച്ചു. എരഞ്ഞോളി തച്ചോളിമുക്കിൽ സി.പി.എം നിർമ്മിച്ച സ്‌നേഹവീട് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ ശക്തമായി എതിർക്കുന്ന, മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള ബദൽ കേരളവും എൽ.ഡി.എഫ് സർക്കാറുമാണ്. ഇടതുപക്ഷ സ്വഭാവമുള്ള രാജ്യത്തെ ഒരേയൊരു സർക്കാറാണിത്. ബാക്കി ഓരോ സർക്കാറിനെയും വിലക്കെടുത്ത് തകർക്കുകയാണ്. സർക്കാറുകളെ അസ്ഥിരീകരിക്കാൻ പണവും ഭരണസംവിധാനവും ഉപയോഗിക്കുന്നു. അതാണ് മഹാരാഷ്ട്രയിൽ കണ്ടത്. തകർക്കാനുളള ശ്രമത്തെ മുൻകൂട്ടി മനസിലാക്കി ബിഹാറിൽ നിധീഷിന് പിടിച്ചുനിൽക്കാനായി. ഡൽഹിയിലും എം.എൽ.എമാരെ വിലക്കുവാങ്ങി സർക്കാറിനെ തകർക്കാനുള്ള നീക്കം ആരംഭിച്ചു. എൽ.ഡി.എഫ് സർക്കാറിനെ തകർക്കാൻ ആവനാഴിയിലെ സകല അസ്ത്രവും പ്രയോഗിക്കുന്നു. ബി.ജെ.പിയും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും വർഗീയപാർടികൾ മുഴുവൻ ഇതിനായ ഒരേ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. എല്ലാ പിന്തിരിപ്പൻ ശക്തികളും ഇതിനായി നിരന്തരം ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.