തൃക്കരിപ്പൂർ: പതിനഞ്ചാം തവണയും അവിട്ടം നാളിൽ ഇടയിലെക്കാട് കാവിലെ വാനര സംഘത്തിന് ഓണസദ്യയെത്തി . രണ്ടു പതിറ്റാണ്ടുകാലം മക്കൾക്കെന്ന പോലെ നിത്യവും ചോറൂട്ടിയ ചാലിൽ മാണിക്കമ്മ അസുഖത്തിന്റെ അവശതകൾ മറന്ന് സദ്യവട്ടങ്ങൾക്ക് നേതൃത്വം നൽകി.
കൊവിഡ് മഹാമാരിയെതുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളായി പെരുമാറ്റച്ചട്ടം പാലിച്ച് സദ്യവട്ടങ്ങൾ ചുരുക്കിയിരുന്നു. മാരി
മാറി നിന്നതോടെ ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം മാനുഷർക്കെന്നപോലെ വാനരർക്കും തൂശനിലയിൽ സദ്യ വിളമ്പുകയായിരുന്നു.കാവിനടുത്ത് റോഡുവക്കിൽ ഡസ്കുകളും കസേരകളും നിരത്തി. കുരുന്നുകൾ ഘോഷയാത്രയായി വന്നതോടെ മാണിക്കമ്മയും റെഡി. ചക്ക, മാങ്ങ, വത്തക്ക, പേരയ്ക്ക, സീതപ്പഴം, ഉറുമാമ്പഴം പപ്പായ, പൈനാപ്പിൾ, വാഴപ്പഴം, തക്കാളി, ക്യാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി, കക്കിരി, മത്തൻ തുടങ്ങി പതിനഞ്ചാമത്തെ സദ്യയിൽ നിറഞ്ഞത് 15 വിഭവങ്ങൾ .
മണിക്കമ്മ ഉപ്പു ചേർക്കാത്ത ചോറുവിളമ്പി "പപ്പീ ...."എന്ന് നീട്ടി വിളിച്ചതോടെ വാനരപ്പട അത്യാർത്തിയോടെ ശാപ്പാട് തുടങ്ങി. വിഭവങ്ങളിൽ ഏറ്റവും പ്രിയം ചക്കയ്ക്കും ബീറ്റ്റൂട്ടിനുമായിരുന്നു. വമ്പൻമാർ കൂടുതൽ വിഭവങ്ങൾ വാരിവലിച്ച് അകത്താക്കി .കൂട്ടത്തിലെ ദുർബലന്മാരെ ഓടിച്ചു വിട്ടു. കൗതുകക്കാഴ്ച ആസ്വദിക്കാൻ നാടിന്റെ നാനാഭാഗത്തുനിന്നും നിരവധിയാളുകളെത്തിയിരുന്നു. ബാലവേദി പ്രവർത്തകരായ വി.നിള, എം.തേജശ്രീ, ടി.പി.അനുരാഗ്, അക്ഷദ് ഗണേശൻ, എന്നിവർ നേതൃത്വം നൽകി.