പയ്യന്നൂർ: കരിവെള്ളൂർ കൂക്കാനത്ത് യുവതി ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർത്തൃമാതാവിനെയും പ്രതിചേർക്കാൻ പൊലീസ് നീക്കം തുടങ്ങി. സൈബർസെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈൽ ഫോൺ പരിശോധന നടത്തിയതോടെയാണ് ഇവരെ പ്രതിചേർക്കാനുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു. രാമചന്ദ്രന്റെയും സുഗതയുടെയും മകൾ കെ.പി സൂര്യയെയാ (24)ണ് സെപ്തംബർ മൂന്നിന് ഉച്ചയോടെ ഭർത്തൃഗൃഹത്തിലെ ഏണിപ്പടിക്കുസമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സൂര്യയുടെ ആത്മഹത്യയ്ക്കു പിന്നിൽ ഭർത്തൃവീട്ടിലെ ശാരീരികവും മാനസികവുമായ പീഡനമാണെന്ന് കാണിച്ചു സൂര്യയുടെ ഇളയച്ഛൻ ബാലകൃഷ്ണൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പയ്യന്നൂർ പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ നടത്തിവന്ന അന്വേഷണത്തിലാണ് ഭർത്താവും ഭർത്തൃമാതാവും യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി കണ്ടെത്തിയത്.
മെഡിക്കൽ റെപ്പായ കരിവെള്ളൂർ കൂക്കാനത്തെ തൈവളപ്പിൽ രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം 2021 ജനുവരി ഒൻപതിനാണ് നടന്നത്. ഇതിൽ ഒൻപതുമാസം പ്രായമുള്ള കുട്ടിയുണ്ട്. വീട്ടിൽ ഭർത്താവും അമ്മയും മാത്രമാണുള്ളത്. സൂര്യയുടെ വിവാഹം കഴിഞ്ഞപ്പോൾ തന്നെ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായും എന്നാൽ അതെല്ലാം പറഞ്ഞുതീർത്തിരുന്നുവെന്നും യുവതിയുടെ വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. സൂര്യയെ സ്വന്തം വീട്ടിലേക്ക് വിടുന്നതിൽ ഭർത്തൃവീട്ടുകാർ തടസം നിന്നിരുന്നതായും സൂര്യയുടെ വീട്ടുകാർ ആരോപിക്കുന്നു.
ആത്മഹത്യയ്ക്കു മുൻപ് സൂര്യ സഹോദരിക്കയച്ച മൊബൈൽ സന്ദേശത്തിൽ ഭർത്തൃഗൃഹത്തിലെ പീഡനം സംബന്ധിച്ച സൂചനകളുണ്ടന്ന് പൊലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കത്തെഴുതിവച്ചാൽ വീട്ടുകാർ നശിപ്പിച്ചേക്കുമെന്ന സംശയത്താൽ സൂര്യ തന്റെ മൊബൈലിൽ ചില കാര്യങ്ങൾ ഡിജിറ്റൽ തെളിവുകളായി അവശേഷിപ്പിച്ചു കാണുമെന്ന സംശയം പൊലീസിനുമുണ്ടായിരുന്നു. അതിനാലാണ് സൂര്യയുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചതെന്ന് ഇൻസ്‌പെക്ടർ മഹേഷ് കെ. നായർ പറഞ്ഞു. തെളിവുകളുടെ ശേഖരണം പൂർത്തീകരിച്ചാൽ പ്രതികളുടെ അറസ്റ്റിലേക്കും പൊലീസ് കടക്കും.