gokulasangamam-chidananda
ഗോകുലസംഗമം കണ്ണിനും കാതിനും നവ്യാനുഭവമായി

മാവുങ്കാൽ: സ്‌നേഹമുള്ള തിരിച്ചറിവുള്ള നല്ല മനുഷ്യരായി നമ്മൾ വളരണമെങ്കിൽ നല്ല വ്യക്തികളെ തിരിച്ചറിഞ്ഞ് അവരുടെ ജീവിതം മാതൃകയാക്കണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. സത്സംഗം കാഞ്ഞങ്ങാട് സമൂഹമാദ്ധ്യമ കൂട്ടായ്മ രാമനഗരം ശ്രീരാമക്ഷേത്രത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഗോകുലസംഗമത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അമ്മയെ സ്‌നേഹിക്കുക, അമ്മയാണ് ആദ്യഗുരു. അമ്മയിലൂടെ ലഭിക്കുന്ന അറിവാണ് പരമമായ സത്യവും ജ്ഞാനവും. നമ്മുക്ക് ലഭിച്ച ബുദ്ധിയും ശക്തിയും അമ്മയുടെ വരദാനമാണെന്നും കുട്ടികളോട് സ്വാമി ചിദാനന്ദപുരി പറഞ്ഞു. സത്സംഗം ഭാരവാഹികളും കുട്ടികളും ചേർന്ന് സ്വാമി ചിദാനന്ദപുരിയെ ക്ഷേത്രകവാടത്തിൽ സ്വീകരിച്ചു. കൂട്ടായ്മയുടെ മുഖ്യസാരഥികളായ തന്ത്രി എടമന ഈശ്വരൻ നമ്പൂതിരിയും ഹരിഹരൻ നായരും നേതൃത്വം നൽകി.
പെരികമന ശ്രീധരൻ നമ്പൂതിരി ദീപപ്രോജ്വലനം നടത്തി. നാരായണൻ നായർ കൊട്ടോടി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഭൂമാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. വേദശ്രീ കൊട്ടോടി സ്വാഗതം പറഞ്ഞു. നന്ദിത ബാബു അവതാരികയായി. പരപ്പ ബാലൻ കുട്ടികളുമായി സംവദിച്ചു. രാജേശ്വരിയമ്മ അക്ഷരശ്ലോകം എങ്ങനെ അവതരിപ്പിക്കാമെന്ന് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.
ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നും എത്തിയ നൂറോളം പ്രതിഭകൾ വൈവിദ്ധ്യങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. നന്ദന ബാബുരാജ് നന്ദി പറഞ്ഞു.


പടം:

ഗോകുലസംഗമത്തിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തുന്നു.