ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ റോഡിൽ കുന്നോത്ത് നിയന്ത്രണംവിട്ട കാറിടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്ക്. മുടയരഞ്ഞി സ്വദേശി അജയ് ടോമിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. കൂട്ടുപുഴ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇടിച്ചു കയറിയ ശേഷം ഇതിന് സമീപം നിർത്തിയിട്ടിരുന്ന സ്‌കൂട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടിയിൽ ഇടിച്ചശേഷം സമീപത്തെ മറ്റൊരു ബൈക്കും സോളാർ വിളക്കും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് വാഹനം നിന്നത്. ഈ സമയം ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന കേളൻപീടിക സ്വദേശി ബിബിൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ അജയിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസവും ഇതേ റോഡിൽ കിളിയന്തറയിൽ കാറപകടത്തിൽ ഒരാൾ മരിച്ചിരുന്നു.