dog

കണ്ണൂർ: പേവിഷബാധ അസാധാരണമായ രീതിയിൽ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നതിനിടെ തെരുവുനായകളെ വന്ധ്യംകരിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി)​ പദ്ധതി പാളുന്നു. നായകളെ പിടികൂടാൻ ആളെക്കിട്ടാത്തതാണ് ശസ്ത്രക്രിയ നടത്താൻ സൗകര്യമുണ്ടായിട്ടും പ്രതിസന്ധി സൃഷ്ടിക്കുന്നത്.ഇതിനായി നേരത്തെ ആശ്രയിച്ചിരുന്ന നേപ്പാൾ സ്വദേശികളെ കൊവിഡ് കാലത്തിന് ശേഷം ലഭ്യമല്ലാത്തതാണ് പ്രധാന തടസം.

മടങ്ങിപ്പോയ പട്ടിപിടുത്തക്കാരിൽ എൺപതുശതമാനവും മടങ്ങി വന്നിട്ടില്ല. പേപ്പട്ടിയുടെ കടിയേറ്റു കുട്ടികളടക്കമുള്ളവർ ദാരുണമായി മരിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുമ്പോഴും വന്ധ്യംകരണമാണ് പോംവഴിയെന്ന നിലയിലാണ് സർക്കാർ മുൻപോട്ടു പോകുന്നത്. തെരുവുനായ്ക്കളെ ഉൻമൂലനം ചെയ്യുന്നത് മൃഗസ്‌നേഹികളുടെ പ്രതിഷേധത്തിനും ഹൈക്കോടതി ഇടപെടലിനും കാരണമാകുമെന്ന ആശങ്കയാണ് സർക്കാരിന്റെ മുന്നിലുള്ള തടസം.

പതിനേഴായിരം രൂപ ശമ്പളം നൽകിയാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് പട്ടിപിടിത്തക്കാരെ നേപ്പാളിൽ നിന്ന് എത്തിച്ചത്.എന്നാൽ ഇപ്പോൾ ഇരുപത്തിയയ്യായിരമെങ്കിലും കിട്ടണമെന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞവർഷം കണ്ണൂർ ജില്ലയിൽ മാത്രം ഇവർ 1703 തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചിരുന്നു.തമിഴ്നാട്ടിൽ നിന്ന് ആളുകളെ എത്തിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.

ബ്‌ളോക്ക് തലത്തിൽ പ്രത്യേക മെഡിക്കൽ സംഘം

എ.ബി.സി നടത്തിപ്പിന് ബ്ളോക്ക് തലത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കാനാണ് സർക്കാർ തീരുമാനം. വെറ്റിനറി സർജൻ, നാല് മൃഗപരിപാലകർ, തീയേറ്റർ സഹായി, ശുചീകരണസഹായി, നായപിടുത്തക്കാരൻ എന്നിവരടങ്ങുന്നതാണ് പുതുതായി രൂപീകരിക്കുന്ന മെഡിക്കൽ സംഘത്തിൽ ഉണ്ടാവുക. ഭൗതിക സാഹചര്യങ്ങൾ അതത് ബ്‌ളോക്ക് പഞ്ചായത്തുകൾ ഒരുക്കണം. നായകളുടെ എണ്ണമനുസരിച്ച് രണ്ടു ബ്‌ളോക്കുകൾക്ക് ഒന്ന് വീതം ഓപറേഷൻ തീയേറ്ററും നായകളെ പാർപ്പിക്കാനുള്ള കേന്ദ്രവും ഒരുക്കണമെന്നാണ് നിർദ്ദേശം. എന്നാൽ കോർപറേഷൻ, നഗരസഭ എന്നിവടങ്ങളിൽ തെരുവുനായകൾ കൂടുതൽ കണ്ടുവരുന്നതിനാൽ പ്രത്യേക സജ്ജീകരണം ഒരുക്കണം. കുനൂരിലെ വേൾഡ് വെറ്റിനറി സർവീസ് സെന്ററിൽ നായപിടിത്തക്കാരന് പ്രത്യേക പരിശീലനം നൽകും.

നായ ഒന്നിന് ചിലവ് -1500

വന്ധ്യംകരണ മരുന്ന്-600

ഭക്ഷണം-400

ഗതാഗതം-200

പിടികൂടൽ കൂലി-300

വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു
കണ്ണാടിപറമ്പിൽ തെരുവുനായ വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു. വീട്ടുമുറ്റത്ത് നിന്നിരുന്ന യശോദയെന്ന സ്ത്രീയെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ഇവർ ബഹളമുണ്ടാക്കിയെങ്കിലും കൈപ്പത്തി കടിച്ചുപറിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായ്ക്കൾ വ്യാപകമായ ആക്രമമാണ് അഴിച്ചുവിട്ടത്. ഇതിനിടെയിൽ എട്ടുപേർക്ക് പരുക്കേറ്റു. പ്രായമായവർ മുതൽ കുട്ടികൾ വരെ ഇതിൽ ഉൾപ്പെടും. വളർത്തു മൃഗങ്ങളെയടക്കം ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊണ്ട് പൊറുതി മുട്ടുകയാണ് നാട്ടുകാർ.