
കണ്ണൂർ: ഓണത്തോടനുബന്ധിച്ച് റെയിൽവേ സംരക്ഷണ സേന നടത്തിയ പരിശോധനയിൽ ട്രെയിനിൽ നിന്നു 50 കിലോ പുകയില ഉൽപന്നങ്ങളും 42 കുപ്പി ഗോവൻ നിർമ്മിത മദ്യവും പിടികൂടി. നിസാമുദീൻഎറണാകുളം മംഗള എക്സ്പ്രസിൽ കാസർകോടിനും കണ്ണൂരിനും ഇടയിൽ വച്ചാണു മുന്നിലെ ജനറൽകോച്ചിന്റെ ശുചിമുറിക്കു സമീപം ഉപേക്ഷിച്ച നിലയിൽ 66,000 രൂപ വിലയുള്ള പുകയില ഉൽപന്നങ്ങളും 15,000 രൂപ വിലയുള്ള മദ്യവും പിടികൂടിയത്. തുടർനടപടിക്കായി ഇവ കണ്ണൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർക്കു കൈമാറി. കണ്ണൂർ ആർ.പി.എഫ് പോസ്റ്റ് കമാൻഡർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു മദ്യ, ലഹരിക്കടത്ത് പിടികൂടിയത്.കർണാടകയിൽ നിന്നും ഗോവയിൽ നിന്നുമായി വൻതോതിൽ മദ്യം കടത്തുന്നതായി നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.