കണ്ണൂർ:മന്ത്രിസഭയിലെ രണ്ടാമനായി പോയ എം.വി ഗോവിന്ദന് പാർട്ടിയിലെ ഒന്നാമനായി തിരിച്ചെത്തിയപ്പോൾ കണ്ണൂരിൽ പ്രവർത്തകരും നേതാക്കളും നൽകിയത് ആവേശ സ്വീകരണം. സി പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് ശേഷം കണ്ണൂരിലെത്തിയ എംവി ഗോവിന്ദൻ ഇന്നലെ രാവിലെ 6.30നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയത്. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിൽ നേതാക്കളുടെയും പ്രവർത്തകരുടെയും വൻപട തന്നെ ഇവിടെ യെത്തിയിരുന്നു.
വി.ശിവദാസൻ എം.പി, രാമചന്ദ്രൻകടന്നപ്പള്ളി എം. എൽ. എ, എൻ. ചന്ദ്രൻ, ടി.വി രാജേഷ്, കെ.പി സഹദേവൻ, ടി.കെ ഗോവിന്ദൻ, ബിജുകണ്ടക്കൈ, പി.കെ ശ്യാമള,പി.പുരുഷോത്തമൻ, കെ.പി സുധാകരൻ, എൻ. അനിൽകുമാർ, എം.ഷാജർ തുടങ്ങിയവരും ഇവിടെ എത്തിയിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലും അദ്ദേഹം പങ്കെടുത്തു. മനേക്കരയിൽ കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെയും സന്ദർശിച്ചു.കമ്പിലിൽ നടന്ന ചടയൻ അനുസ്മരണത്തിലും എം.വി ഗോവിന്ദൻ പങ്കെടുത്തു.
'ജനങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരു നേതൃത്വവും കമ്മ്യൂയൂണിസ്റ്റ് പാർട്ടിക്കുണ്ടാവില്ല. പ്രസ്ഥാനത്തിന്റെ അടിത്തറ രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച നേതാക്കളുടെ നാടായ കണ്ണൂരിൽ നിന്ന് തന്നെയാണ് ഞാനും രൂപപ്പെട്ടത്. എ.കെ.ജിയും നായനാരും അഴീക്കോടനും ചടയനും സി.കണ്ണനും എ.വി കുഞ്ഞമ്പുവുമെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കണ്ണൂർ നൽകിയ സംഭാവനയാണ്. വ്യക്തിപരമായി ഒരു വെല്ലുവിളിയും പുതിയ ചുമതലയിൽ ഏറ്റെടുക്കേണ്ടതില്ല. എന്നാൽ രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികളെ നേരിടാൻ പാർട്ടിയെയും ഇടതുമുന്നണിയെയും മുന്നണി സർക്കാരിനെയും ജനങ്ങളെയാകെയും ഒന്നിച്ചു നിർത്തി നേരിടുകയെന്നത് പുതിയ ചുമതലയിലെ പ്രധാനവെല്ലുവിളിയാണ്
എം.എൽ.എയായി തുടരും
കണ്ണൂർ:സി പി എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിന് പിന്നാലെ എം.എൽ.എ സ്ഥാനവും രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി എം.വി.ഗോവിന്ദൻ. താൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ലെന്ന് കണ്ണൂർ പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ എംവി ഗോവിന്ദൻ വ്യക്തമാക്കി.
എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ല. നേരത്തെ താൻ സി പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എം.എൽ.എ പദവിയിൽ തുടർന്നു കൊണ്ടായിരുന്നുവെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
അനർഹമായ രീതിയിൽ ആർക്കും പാർട്ടി ജോലിക്ക് ശുപാർശ ചെയ്യില്ലെന്ന് പ്രിയ വർഗ്ഗീസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് ഗോവിന്ദൻ പറഞ്ഞു. എന്നാൽ കമ്മ്യൂണിസ്റ്റുകാരനോ അവരുടെ കുടുംബാംഗങ്ങളോയായതുകൊണ്ടു ജോലി പാടില്ലെന്ന നിലപാടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസിൽ പ്രസ് ക്ലബ് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം എൻ.ചന്ദ്രനും പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.വിജേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.സന്തോഷ്‌കുമാർനന്ദിയും പറഞ്ഞു.