citty-gas

കണ്ണൂർ: കൊച്ചി- മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യമായതോടെ വീടുകളിൽ പൈപ്പ് ലൈനിലൂടെ ഗ്യാസ് എത്തിക്കുന്ന പദ്ധതി കൂടാളിയിലും മുണ്ടേരിയിലും പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം അവസാനത്തോടെ തുടങ്ങും. രണ്ട് പഞ്ചായത്തിലെ 200 വീടുകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. മാർച്ചിൽ 1000 കണക്ഷനുകൾ നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വീടുകളിലേക്കുള്ള കണക്ഷന് ഒരിഞ്ച്, അരയിഞ്ച് പോളിത്തീൻ പൈപ്പാണിടുന്നത്. മഴ കാരണമാണ് ഇതിന്റെ പ്രവൃത്തി നീണ്ടുപോയത്. ഇതിനൊപ്പം ചാലോട്– മേലെ ചൊവ്വ മെയിൻ പൈപ്പ് ലൈനിന്റെ പണിയും ആരംഭിക്കും. ജില്ലയിലെ 53 വില്ലേജുകളിലെ 82 കിലോമീറ്റർ പ്രദേശത്തിലൂടെയാണ് കൊച്ചി– മംഗളൂരു ഗെയിൽ മേജർ പൈപ്പ് ലൈൻ കടന്നുപോകുന്നത്.

കൂടാളിയിലെ സിറ്റി ഗ്യാസ് സ്‌റ്റേഷന് സമീപമുള്ള വീട്ടുകാർക്കാണ് ആദ്യം കണക്ഷൻ നൽകുക. ഘട്ടംഘട്ടമായി തലശേരി– മാഹി മെയിൻ പൈപ്പ് ലൈനിന്റെയും തളിപ്പറമ്പിലേക്കുള്ള ലൈനിന്റെയും പണി തുടങ്ങും. വീടുകളിൽ ഗ്യാസ് എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് ഡിഡ്ട്രിബ്യൂഷൻ പദ്ധതി ഇന്ത്യൻ ഓയിൽ കോർപറേഷനും അദാനി ഗ്രൂപ്പുമാണ് ഏറ്റെടുത്തിട്ടുള്ളത്. പൈപ്പഡ് നാച്ചുറൽ ഗ്യാസിനു (പി.എൻ.ജി) പുറമെ മോട്ടോർ വാഹനങ്ങൾക്ക് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസും (സി.എൻ.ജി) വിതരണംചെയ്യാൻ പദ്ധതിയുണ്ട്.

കൂടുതൽ സി. എൻ.ജി സ്റ്റേഷനുകൾ വാഹനങ്ങൾക്ക് വാതകം നിറയ്കുന്നതിനുള്ള സി. എൻ.ജി ( കംപ്രസ്ഡ് നാച്യുറൽ ഗ്യാസ്)​ ജില്ലയിൽ കൂടുതൽ തുടങ്ങുന്നുണ്ട്. പരിയാരം,​ കമ്പിൽ എന്നിവിടങ്ങളിലെ സി. എൻ.ജി സ്റ്റേഷനുകളുടെ പണി അവസാനഘട്ടത്തിലാണ്. ഇതിനു പുറമെ മാഹി,​ പയ്യന്നൂർ,​ കൂത്തുപറമ്പ് എന്നിവിടങ്ങളിലും സി. എൻ.ജി സ്റ്റേഷൻ വൈകാതെ തുടങ്ങും.

കണ്ണൂരിൽ ആറു സ്റ്റേഷനുകൾ

16 കിലോമീറ്റർ ഇടവിട്ടാണ് സ്‌റ്റേഷൻ

100 കിലോമീറ്റർ പരിധിക്കുള്ളിൽ മേജർ സ്‌റ്റേഷൻ

 വളപട്ടണം- മാഹി പൈപ്പ് ലൈൻ പ്രവൃത്തി ഉടൻ

കാസർകോട്ട് ആദ്യ സ്റ്റേഷൻ നെല്ലിത്തറയിൽ

മടിക്കൈ പഞ്ചായത്തിലെ കോട്ടപ്പാറയിലെ ഗെയിൽ വാൽവ് സ്റ്റേഷനിൽ നിന്ന് 300 മീറ്റർ അകലെ നെല്ലിത്തറയിൽ സ്ഥാപിക്കുന്ന അദാനി ഗ്രൂപ്പിന്റെ സ്റ്റേഷനിലാണ് ആദ്യ കണക്‌ഷൻ. തുടർന്ന് മാവുങ്കൽ, മൂലക്കണ്ടം, വെള്ളിക്കോത്ത് വഴി മഡിയനിലെ കെ.എസ്.ടി.പി റോഡിലെത്തിച്ച് കാഞ്ഞങ്ങാട് സൗത്ത് വരെ തെക്കോട്ടും ചാമുണ്ഡിക്കുന്ന് വരെ വടക്കോട്ടുമായി 19 കിലോമീറ്റർ ദൂരത്തിലാണ് ആദ്യ ഘട്ടത്തിൽ സിറ്റിഗ്യാസ് വിതരണം. ഇവിടെ പെപ്പിടൽ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ ഓയിൽ–-- അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പിഎൽ) അധികൃതർ അറിയിച്ചു. റോഡുകൾ കുറുകെ മുറിച്ച് പൈപ്പുകൾ ബന്ധിപ്പിക്കാനുള്ള അനുമതി ലഭ്യമാകുന്നതോടെ വേഗത്തിലാവും. കെ.എസ്.ടി.പി പാതയുടെ ഒരുഭാഗത്തുകൂടി ഒരുമീറ്റർ ആഴത്തിലാണ്‌ പൈപ്പ്‌ ലൈൻ പോകുന്നത്

30 % ചെലവ് കുറവ്

ജില്ലയിലെ സ്റ്റേഷനിൽ നിന്ന്‌ മർദ്ദം കുറച്ചാണ് വീടുകളിലേക്ക്‌ പാചകവാതകം നൽകുക. പൊതു പൈപ്പിൽനിന്ന് വീടുകളിലേക്കുള്ള കണക്ഷൻ 15 മീറ്റർവരെ സൗജന്യമാണ്‌. ഉപയോഗിക്കുന്നതിനു മാത്രം വില നൽകിയാൽ മതി. 24 മണിക്കൂറും ലഭ്യമാകും.എൽ.പി.ജി പാചകവാതകത്തെക്കാൾ 30 ശതമാനം വില കുറയും.