മടിക്കൈ: ജാതി വ്യവസ്ഥിതിക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ പോരാടി ശ്രീനാരായണ ഗുരുദേവൻ കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേക്ക് നയിച്ചുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ശിവഗിരി മഠത്തിന്റെ അധീനതയിലുള്ള ബങ്കളം കൂട്ടപ്പുന്നയിലെ ശ്രീനാരായണ ആശ്രമത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുഷിച്ചു നാറിയ ജാതി വ്യവസ്ഥിതിയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ പരിഷ്കർത്താവാണ് ഗുരുദേവൻ. തുറന്ന സമീപനവും അഹിംസാപരമായ തത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം തന്നെ സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
'മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന' ഗുരുവിന്റെ ആപ്തവാക്യം വലിയ മാറ്റങ്ങൾക്ക് വിത്ത്പാകി. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുവചനം പിന്നോക്ക ജനവിഭാഗങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ കുതിച്ചു ചാട്ടമുണ്ടാക്കി. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച നാടിനെ നവകേരളമാക്കി ഗുരു പുതുക്കിപ്പണിതു. വർത്തമാന കാലത്തിന്റേത് മാത്രമല്ല വരും കാലത്തിന്റെയും ദർശനമാണ് ശ്രീനാരായണ ഗുരുദേവൻ മുന്നോട്ടുവെച്ചതെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
ഗുരുമന്ദിര നിർമ്മാണ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.സി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ കമ്മിറ്റി വൈസ് ചെയർമാനും കേരള കൗമുദി ലേഖകനുമായ ഉദിനൂർ സുകുമാരൻ ആമുഖഭാഷണവും പ്രസാദ് ശാന്തി ചെറുപുഴ അനുഗ്രഹ പ്രഭാഷണവും നടത്തി. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ മുഖ്യാതിഥിയായി. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി. രാധ, പ്രഭാകരൻ, ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് വി. മധു, കൂട്ടപ്പുന്ന യൂണിറ്റ് രക്ഷാധികാരി കെ. കുഞ്ഞിരാമൻ കുരുടിൽ, മാതൃസമിതി പ്രസിഡന്റ് ശാന്ത മൂലായപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഗുരുമന്ദിര നിർമ്മാണ കമ്മിറ്റി കോ ഓഡിനേറ്റർ വിനോദ് ആറ്റിപ്പിൽ സ്വാഗതവും കൺവീനർ കെ.വി മോഹനൻ നന്ദിയും പറഞ്ഞു.
ജയന്തി ആഘോഷത്തിന്റെ ഭാഗമായി രാവിലെ അഞ്ചിന് ശാന്തി ഹവനം, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിവിധ മത്സരങ്ങൾ, മാതൃസമിതി അംഗങ്ങൾ, പുതിയകണ്ടം വുമൺസ് സ്റ്റാർ ക്ലബിലെ പെൺകുട്ടികൾ എന്നിവർ അവതരിപ്പിച്ച കൈകൊട്ടിക്കളി എന്നിവയുമുണ്ടായി. തുടർന്ന് പായസ വിതരണവുമുണ്ടായി.