കാസർകോട്: മാനവരാശിയെ വെളിച്ചത്തിലേക്ക് നയിച്ച വിശ്വമഹാഗുരുവും അനുകമ്പാമൂർത്തിയുമായ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി കാസർകോട് ജില്ലയിൽ വിപുലമായി ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം കാസർകോട്, ഉദുമ, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട്, തൃക്കരിപ്പൂർ യൂണിയനുകളുടെയും വിവിധ ശാഖകളുടെയും നേതൃത്വത്തിലും ശ്രീനാരായണ മഠങ്ങൾ, ഗുരുമന്ദിരങ്ങൾ, ഗുരുധർമ്മ പ്രചാരണ സഭ, ഗുരുകുലം എന്നിവയുടെ അഭിമുഖ്യത്തിലും ആഘോഷങ്ങളുണ്ടായി.
തീർത്ഥങ്കരയിൽ
പടന്നക്കാട്: എസ്.എൻ.ഡി.പി യോഗം തീർത്ഥങ്കര ശാഖയുടെയും വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തീർത്ഥങ്കര ഗുരുമന്ദിരത്തിൽ വിപുലമായ പരിപാടികൾ നടത്തി. പുലർച്ചെ 4.20 ണ് സ്വാമി പ്രേമാനന്ദയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജ നടന്നു, രാവിലെ ഒമ്പതിന് ശാഖാ സെക്രട്ടറി പ്രമോദ് കരുവളം പതാക ഉയർത്തി, ഗുരുജയന്തി സമ്മേളനത്തിൽ ശാഖാ വൈസ് പ്രസിഡന്റ് ടി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് എം.വി ഭരതൻ, സെക്രട്ടറി പി.വി വേണുഗോപാലൻ, യോഗം ഡയറക്ടർ പി. ദാമോദര പണിക്കർ, വാർഡ് കൗൺസിലർ വി.വി ശോഭ, കേന്ദ്രസമിതി മെമ്പർ ശാന്ത കൃഷ്ണൻ, അനൂപ് തീർത്ഥങ്കര, ടി. കുഞ്ഞികൃഷ്ണൻ, കാണിച്ചിറ നാരായണൻ, ടി. ഗംഗാധരൻ, വി. സുകുമാരൻ, പി.പി. ലസിത, എം.എം രാഘവൻ, കെ. രാമകൃഷ്ണൻ, ബാബു വെള്ളിക്കോത്ത്, പ്രമീള ദിലീപ് എന്നിവർ പ്രസംഗിച്ചു. പ്രമോദ് കരുവളം സ്വാഗതം പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായി. ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്‌ക്കാര ജേതാവ് എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്ര സമിതി മെമ്പർ ശാന്ത കൃഷ്ണനെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.
തീർത്ഥങ്കര ഗുരുമന്ദിരത്തിൽ ശാഖാ സെക്രട്ടറി പ്രമോദ് കരുവളം പതാക ഉയർത്തുന്നു
കുഡ്ലു ശാഖയിൽ
കുഡ്ലു: എസ്.എൻ.ഡി.പി യോഗം കുഡ്ലു ശാഖയുടെ നേതൃത്വത്തിൽ നടന്ന ജയന്തി ആഘോഷം ചൂരി വീരാഞ്ജനേയ വ്യായാമ ശാലയിൽ മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ കുഡ്ലു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കൃഷ്ണൻ വിവേകാനന്ദ നഗർ അദ്ധ്യക്ഷത വഹിച്ചു. ഭഗവതി സേവാസംഘം പ്രസിഡന്റ് കൃഷ്ണൻ കുഡ്ലു, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ അഡ്വ. പി.കെ വിജയൻ, കാസർകോട് യൂണിയൻ സെക്രട്ടറി ഗണേഷ് പാറക്കട്ട, യൂണിയൻ ഭാരവാഹികളായ വെള്ളുങ്ങൻ, മോഹനൻ മീപ്പുഗിരി, ശാഖാ സെക്രട്ടറി കെ. വിജയൻ, രമണി ഗിരീഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ തീയ്യ (ബില്ലവ) സമുദായത്തിലെ വിദ്യാർത്ഥികളെയും ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ കബഡി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രേയ കിഷോർ, സംസ്ഥാന കോളേജ് ഗെയിംസിൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയ സി. അഖിൽ എന്നിവരെയും അനുമോദിച്ചു.
പടം കുഡ്ലു ഗുരുജയന്തി സമ്മേളനത്തിൽ ആദരവ് ഏറ്റുവാങ്ങിയവർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഗണേഷ് പാറക്കട്ടയ്ക്കൊപ്പം
നെല്ലിത്തറ ഗുരുമന്ദിരത്തിൽ
നെല്ലിത്തറ: നെല്ലിത്തറ എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരത്തിൽ രാവിലെ മുൻ യൂണിയൻ സെക്രട്ടറി കുമാരൻ വയ്യോത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രാർത്ഥനയ്ക്കും ഗുരുപൂജയ്ക്കും ശാഖ പ്രസിഡന്റ് കെ.പി പ്രസാദ്, വി. വിശ്വൻ, കെ. പ്രഭാകരൻ, കെ.വി കരുണാകരൻ, ടി. സുധാകരൻ, വി. അശോകൻ, മഹേഷ് ചന്ദ്രൻ, നാരായണൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പായസവിതരണവും ഉണ്ടായി.
പടം.. നെല്ലിത്തറ ഗുരുമന്ദിരത്തിൽ മുൻ ഹൊസ്ദുർഗ് യൂണിയൻ സെക്രട്ടറി കുമാരൻ വയ്യോത്ത് ഉദ്ഘാടനം ചെയ്യുന്നു
എളേരിത്തട്ട് ശാഖയിൽ
നർക്കിലക്കാട്: എളേരിത്തട്ട് എസ്.എൻ.ഡി.പി യോഗം ശാഖയിൽ ഗുരുദേവ കൃതികളുടെ പാരായണം, പതാക ഉയർത്തൽ എന്നിവ നടന്നു. രാവിലെ ഒമ്പതിന് മഹാഗുരു പൂജയുണ്ടായി. ശാഖാ പരിധിയിൽ നിന്ന് പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടിക്കുളള അനുമോദനവും എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ കുട്ടിക്ക് വാലാനിക്കൽ ഹരിഹരന്റെ സ്മരണക്കായുള്ള കാഷ് അവാർഡ് വിതരണവും നടന്നു. കുട്ടികൾക്കും വനിതകൾക്കുള്ള വിവിധ കലാപരിപാടികളും പുരുഷന്മാർക്കായി ഷൂട്ടൗട്ട് മത്സരം, ബൗളിംഗ് മത്സരം എന്നിവയും ഉണ്ടായി.
പടം .. എളേരിത്തട്ട് എസ്.എൻ.ഡി.പി യോഗം ശാഖയിൽ ഗുരുജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തുന്നു.