കാസർകോട്: കാപ്പ കേസിൽ പ്രതിയായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പയ്യന്നൂരിൽ കാസർകോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. മറ്റുപ്രതികളെ അന്വേഷിച്ചുവരികയാണ്. കൂഡ്ലു പാറക്കട്ട എ.ആർ ക്യാമ്പ് റോഡിലെ എ.പുഷ്പരാജ് (39) ആണ് ഇന്നലെ രാത്രി അറസ്റ്റിലായത്. പയ്യന്നൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടിയത്.
നിരവധി കേസുകളിൽ പ്രതിയായ മീപ്പുഗിരിയിലെ ദീപകിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12.30ഓടെ മന്നിപ്പാടിയിലെ ഒരു ബന്ധുവീട്ടിൽ വെച്ചാണ് സംഭവം. വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകടന്ന സംഘം ദീപകിനെയും ബന്ധുവായ സ്ത്രീയേയും അക്രമിക്കുകയായിരുന്നു. കേസിലെ മറ്റുപ്രതികളായ സന്ദീപ്, ശ്രീഹരി, ലോകേഷ്, തേജസ് തുടങ്ങിയവരെ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ദീപകിനെതിരെ നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. നിർദ്ദേശം ലംഘിച്ച് നാട്ടിലെത്തിയതിന് ദീപകിനെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
ആശുപത്രി പരിസരത്ത് പരാക്രമം
കാസർകോട്: കുത്തേറ്റ യുവാവിനെ കാണാനെത്തിയ സംഘം സ്വകാര്യ ആശുപത്രി പരിസരത്ത് വച്ച് പരാക്രമം കാട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തെ വിരട്ടിയോടിച്ചു. ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി അശ്വിനി നഗറിലെ കിംസ് ആസ്പത്രിക്ക് മുമ്പിലാണ് സംഭവം. കുത്തേറ്റ് ആസ്പത്രിയിൽ കഴിയുന്ന മീപ്പുഗിരിയിലെ ദീപകിനെ കാണാനെത്തിയ സംഘമാണ് മദ്യലഹരിയിൽ ആസ്പത്രി പരിസരത്ത് പരാക്രമം കാട്ടിയത്. വിവരമറിഞ്ഞ് കാസർകോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ബഹളം വെച്ചവരെ വിരട്ടിയോടിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. ആശുപത്രി പരിസരത്ത് ബഹളം വെച്ചതിനും രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചതിനുമാണ് കേസ്. പ്രതികളെ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.