തലശ്ശേരി: മലബാറിൽ ഒരു ഫൈൻ ആർട്സ് കോളേജ് എന്ന കലാകാരന്മാരുടെ ചിരകാല സ്വപ്നം തലശ്ശേരിയിൽ പൂവണിയുമെന്നും, കലാകാരന്മാരുടെ അഭൂതപൂർവമായ കൂട്ടായ്മ അതിന് ഊർജം പകരുമെന്നും മുൻ മന്ത്രി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ലോകത്ത് തന്നെ ഒട്ടേറെ വിശ്വോത്തര കലാകാരന്മാരെ സംഭാവന ചെയ്ത നാടാണ് മലബാറും, പ്രത്യേകിച്ച് തലശ്ശേരിയെന്നും, കലകളുടെ പ്രഭവകേന്ദ്രമായ തലശ്ശേരിയിൽ തന്നെ ഫൈൻ ആർട്സ് കോളേജ് കൊണ്ടുവരാൻ എൽ.ഡി.എഫ് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും ഗോവിന്ദൻ പറഞ്ഞു.
ഏഴുദിവസമായി സ്‌കൂൾ ഒഫ് ആർട്സിൽ നടന്നുവരുന്ന 'കളർ കണ്ണൂർ ' ചിത്ര പ്രദർശനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എബി എൻ ജോസഫ് അദ്ധ്യക്ഷനായി. മുനിസിപ്പാൽ ചെയർപേഴ്സൺ ജമുനാറാണി മുഖ്യാതിഥിയായി. പി.കെ. ശ്യാമള, മുനിസിപ്പൽ വൈസ് ചെയർമാൻ വാഴയിൽ ശശി, കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, അഡ്വ: എം.എസ് നിഷാദ്, ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ, നവാസ് മേത്തർ സംസാരിച്ചു. ചിത്രരചനാ മത്സര വിജയികൾക്ക് മുനിസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി സമ്മാനങ്ങൾ വിതരണം ചെയ്തു. സെൽവൻ മേലൂർ സ്വാഗതവും കെ.പി. പ്രമോദ് നന്ദിയും പറഞ്ഞു.