
കണ്ണൂർ: വളപട്ടണം ദേശീയപാതയിൽ ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പത്തുകിലോ നൂറു ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കണ്ണൂർ എക്‌സൈസ് റെയിഞ്ച് ഓഫീസ് എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, കുറ്റ്യാട്ടൂർ മാണിയൂർ പള്ളിയത്ത് സ്വദേശി ഹിബ മൻസിലിൽ മൻസൂറി(30)ൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് കേസെടുത്ത് കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിനു ശേഷം തുടർ നടപടികൾക്കായി വടകര നാർക്കോട്ടിക്ക് കോടതിയിലേക്ക് മാറ്റി. ഇതരസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്ന മൊത്തവിതരണ സംഘത്തിലെ പ്രധാനകണ്ണിയാണ് മൻസൂറെന്ന് എക്‌സൈസ് പറഞ്ഞു. വിദ്യാർത്ഥികൾക്കും യുവതി, യുവാക്കൾക്കും നൽകാനായി, വിൽപനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് ഈയാളാണെന്ന വിവരം നേരത്തെ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരുമാസക്കാലമായി ഇയാൾ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ചെക്ക് പോസ്റ്റു വഴി കഞ്ചാവ് കടത്തിയതിന് നേരത്തെയും മൻസൂറിനെ പിടികൂടിയിരുന്നു. ഈ കേസ് വടകര കോടതിയിൽ നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും പിടിയിലായത്. റെയ്ഡു നടത്തിയ എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ്, എൻ.വി പ്രവീൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ, എൻ. രജിത്ത് കുമാർ, എം. സജിത്ത്, കെ.പി. റോഷി, ടി. അനീഷ്, പി. നിഖിൽ, ഉത്തര മേഖല കമ്മിഷണർ സ്‌ക്വാഡ് അംഗം പി. രജിരാഗ്, ഇ.സി.സി അംഗം ടി. സനലേഷ് എന്നിവരുമുണ്ടായിരുന്നു.
